arun-jaitely

ധനമന്ത്രിയായിരിക്കെ സാമ്പത്തിക രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നതിനൊപ്പം ബഡ്ജറ്റ് അവതരണത്തിന്റെ രീതിയിലും സമയത്തിനും മാറ്റം വരുത്തിയ ധനമന്ത്രിയായിരുന്നു അരുൺ ജയ്റ്റ്ലി. രാജ്യത്ത് ആദ്യമായി ലയന ബഡ്ജറ്റ് എന്ന ആശയം നടപ്പിലാക്കിയത് അരുൺ ജയ്റ്റ്ലിയുടെ കാലത്താണ്. അതായത് റെയിൽവേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കാതെ പൊതുബജറ്റിന്റെ ഭാഗമാക്കി.

എല്ലാ വർഷവും കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുന്നതിന് കുറച്ചു ദിവസം മുമ്പാണ് റെയിൽവേ മന്ത്രി റെയിൽ ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫെബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്.അന്ന് പൊതുബഡ്ജറ്റിന്റെ ഭാഗമായിരിന്നു റെയിൽ ബജറ്റ്. ബ്രിട്ടിഷ് റെയിൽവേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്യം അക്വർത്തിന്റെ നേതൃത്വത്തിൽ 1920-21ൽ രൂപീകരിക്കപ്പെട്ട പത്തംഗ കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് 1924 ൽ റെയിൽ ബജറ്റ് പൊതുബഡ്ജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെയാണ് അനുവർത്തിച്ചുവന്നത്. എന്നാൽ 2016 സെപ്തംബർ 21ന് നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശ പ്രകാരം റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒന്നിച്ച് അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 92 വർഷത്തിനു ശേഷം!

ഒപ്പം സാധാരണ ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത് എല്ലാ വർഷവും ഫെബ്രവരി അവസാന ദിവസമാണ്. ഇത് ഫെബ്രുവരി ആദ്യത്തേക്കു മാറ്റിയതു അരുൺ ജയ്റ്റ്ലിയാണ്. ഈ രണ്ട് പരിഷ്കരണങ്ങളോടെയായിരുന്നു 2017 ഫെബ്രുവരി 1ന് അരുൺ ജെയ്റ്റ്ലിയുടെ ലയന ബഡ്ജറ്റ് അവതരണം.