ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഡൽഹിയുടെ രാഷ്‌ട്രീയ ചലനങ്ങളിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ മൂന്നു നേതാക്കളാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ വിടവാങ്ങിയത്. മൂന്നു തവണ ഡൽഹി ഭരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് ഇക്കഴിഞ്ഞ ജൂലായ് 20നാണ് പെട്ടെന്നുള്ള ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഷീലയുടെ മുഖ്യ എതിരാളിയായി ഒരു കാലത്ത് കരുതപ്പെട്ടിരുന്ന മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് ആഗസ്‌റ്റ് ആറിന് അന്തരിച്ചത് അപ്രതീക്ഷിത ഹൃദയാഘാതത്തെ തുടർന്ന്. അവർ മരിച്ചതിന്റെ ആഘാതം സൃഷ്‌ടിച്ച മുറിവുണങ്ങും മുമ്പാണ് ഡൽഹിയുടെ സ്വന്തം നേതാവെന്ന് അറിയപ്പെട്ട അരുൺ ജയ്‌റ്റ്‌ലി വിടവാങ്ങുന്നത്.
കഴിഞ്ഞ നാല് ദശാബ്‌ദങ്ങളിൽ ദേശീയ രാഷ്‌ട്രീയത്തെ സമ്പന്നമാക്കിയ ഷീലയും സുഷമയും അരുൺ ജയ്‌റ്റ്‌ലിയും ഡൽഹി നിവാസികളുടെ മനസ്സിലും നിറസാന്നിധ്യമായിരുന്നു. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷമാ സ്വരാജ്. 1998ൽ ഡൽഹിയുടെ ആദ്യ നിയമസഭയുടെ അവസാന കാലത്ത് 52 ദിവസം മാത്രമായിരുന്നു അത്. 1998 മുതൽ 2013വരെ നീണ്ട 15 വർഷം ഡൽഹിക്കാർ കണ്ടത് ഷീലാദീക്ഷിതിന്റെ യുഗം. രാഷ്‌ട്രീയമായ തിരിച്ചടികൾക്കു ശേഷം തിരിച്ചുവരവിനൊരുങ്ങവെയാണ് ഷീല കഴിഞ്ഞ ജൂലായിൽ വിടവാങ്ങിയത്.
ഡൽഹി മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറിയെങ്കിലും ലോക്‌സഭയിലെ ബി.ജെ.പിയുടെ സ്‌ത്രീശബ്‌ദമായും വാജ്‌പേയി, നരേന്ദ്രമോദി സർക്കാരുകളിൽ വാർത്താ വിതരണ, ആരോഗ്യ, വിദേശകാര്യ മന്ത്രിയായും സുഷമ ഡൽഹിയിലുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ, പുതിയ മന്ത്രിസഭയിൽ അംഗമാകാതെ വിശ്രമ ജീവിതത്തിനൊരുങ്ങവെ ആകസ്‌മികമായി അവരുടെ അന്ത്യം സംഭവിച്ചു.
ജനനം കൊണ്ടും കർമ്മം കൊണ്ടും തികഞ്ഞ ഡൽഹിക്കാരനായിരുന്നു അരുൺ ജയ്‌റ്റലി. സെന്റ് സേവിയർ സ്‌കൂളിൽ തുടങ്ങി ശ്രീറാം കോളേജിലെയും പിന്നീട് ഡൽഹി സർവകലാശാലയിലെയും വിദ്യാഭ്യാസ കാലഘട്ടം അദ്ദേഹത്തിലെ നേതാവിനെ വളർത്തിയെടുത്തതിന് ഡൽഹി സാക്ഷിയായി. അഭിഭാഷകവൃത്തിയിൽ തിളങ്ങാൻ ഡൽഹി ഹൈക്കോടതിയും സുപ്രീംകോടതിയും വഴിയൊരുക്കി. എ.ബി.വി.പിയിലൂടെ നേതാവായി തിളങ്ങിയ ജയ്‌റ്റ്ലി ബി.ജെ.പിയുടെ വളർച്ചയ്‌ക്കൊപ്പം രാഷ്ട്രീയ കരിയർ പടുത്തതും ഡൽഹിയെ സാക്ഷിയാക്കി. പ്രമുഖ നേതാവായും മന്ത്രിയായും വളർന്നപ്പോഴും ഡൽഹി അദ്ദേഹത്തെ പിന്തുണച്ചു. ഒടുവിൽ എയിംസിലെ രോഗക്കിടക്കയിൽ ശ്വാസം നിലച്ച് ഡൽഹിയെ തഴുകുന്ന യമുനയുടെ തീരത്തെ ബോധിഘട്ടിൽ അഗ്‌നിയിൽ വിലയനം.