മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മൂന്ന് പാർട്ടി വക്താക്കളായിരുന്നു പ്രമോദ് മഹാജനും സുഷമാ സ്വരാജും അരുൺ ജയ്‌റ്റ്‌ലിയും. മൂന്നുപേരും അകാലത്തിൽ മൺമറഞ്ഞു. പ്രമോദ് മഹാജൻ സഹോദരന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടയേറ്റ് മരിച്ചെങ്കിൽ, സുഷമയും അരുൺ ജയ്‌റ്റ്ലിയും രോഗങ്ങൾക്കു കീഴടങ്ങി വിടവാങ്ങുകയായിരുന്നു.
ആർ.എസ്.എസ് പശ്‌ചാത്തലമുള്ള മൂന്ന് നേതാക്കളും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചെറുത്ത് വളർന്നു വന്നവരാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ജനസംഘത്തിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള പരിവർത്തന പാതയിൽ തുടക്കം മുതൽ മൂവരും പാർട്ടിയുടെ ദേശീയ മുഖങ്ങളായി ഉണ്ടായിരുന്നു. 90കളിൽ ബി.ജെ.പി ദേശീയ രാഷ്‌ട്രീയത്തിലെ പ്രമുഖ കക്ഷിയായി വളർന്നു കയറിയപ്പോൾ അവർ ദേശീയ വക്താക്കളായും തിളങ്ങി. പിന്നീട് വാജ്പേയി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളിൽ കഴിവു തെളിയിക്കാനും മൂന്നുപേർക്കും കഴിഞ്ഞു.
കുടുംബ വഴക്കിനെ തുടർന്ന് 2006 ഏപ്രിൽ 22ന് സഹോദരൻ പ്രവീൺ മഹാജന്റെ വെടിയേറ്റ് പ്രമോദ് മഹാജൻ മരിച്ചത് ബി.ജെ.പിയുടെ രണ്ടാം നിരയിൽ വലിയൊരു വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്. അതേസമയം സുഷമാ സ്വരാജും അരുൺ ജയ്‌റ്റ്‌ലിയും ബി.ജെ.പിയുടെ പിന്നീടുള്ള ജയപരാജയ യാത്രകളിൽ തുടർന്നു. 2004 മുതൽ 2014 വരെ നീണ്ട യു.പി.എ ഭരണകാലത്ത് ലോക്‌സഭയിൽ സുഷമാ സ്വരാജും രാജ്യസഭയിൽ അരുൺ ജയ്‌റ്റലിയുമായിരുന്നു പ്രതിപക്ഷ നേതാക്കളായി ബി.ജെ.പിയുടെ ശബ്‌ദം മുഴങ്ങിയത്. അതുകഴിഞ്ഞ് പാർട്ടിക്ക് സുവർണകാലം പുലർന്നപ്പോൾ നാടകീയമായി നരേന്ദ്രമോദി നേതൃത്വത്തിലേക്ക് വന്നു.
മോദി യുഗത്തിൽ രണ്ടാം നിരയിലായെങ്കിലും പാർട്ടിയിലും മന്ത്രിസഭയിലും ഇരുവർക്കും സുപ്രധാന പദവികൾ ലഭിച്ചു. ഒന്നാം മോദി സർക്കാരിന് രണ്ടാമൂഴമൊരുക്കാൻ മികച്ച ഇടപെടുകൾ നടത്തിയ വിദേശകാര്യ മന്ത്രിയായി സുഷമയും ധനകാര്യ, പ്രതിരോധ, വാർത്താവിതരണ, കോർപറേറ്റ് വപ്പുകളിൽ തിളങ്ങി അരുൺ ജയ്‌റ്റ്‌ലിയും നൽകിയ സംഭാവനകൾ പാർട്ടി നന്ദിയോടെ സ്‌മരിക്കുമെന്നുറപ്പ്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർലമെന്റിനകത്തും പുറത്തും അവർ മോദി സർക്കാരിന്റെ 'ട്രബിൾ ഷൂട്ടർ'മാരായിരുന്നു ആരോഗ്യപരമായ കാരണങ്ങളാൽ ഇരുവരും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ വിട്ടു നിന്നെങ്കിലും പാർട്ടിയിലും സർക്കാരിലും സജീവമായി തുടരുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടാം മോദി സർക്കാർ മന്ത്രിസഭ പ്രഖ്യാപിച്ചപ്പോൾ സുഷമയുടെയും അരുൺ ജയ്‌റ്റ്ലിയുടെയും അസാന്നിധ്യം ചർച്ചയായി.