kejriwal-and-arun-jaitley

ന്യൂഡൽഹി: ആളറിഞ്ഞ് കളിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ പഠിപ്പിച്ചത് അരുൺ ജയ്‌റ്റ്‌ലിയാണ്. നേതാവായി തിളങ്ങും മുമ്പ് ഡൽഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തിളങ്ങിയ ജയ്‌റ്റലി എന്ന അഭിഭാഷകനെ മനസിലാക്കാതെ ആരോപണമുന്നയിച്ച് കുടുങ്ങിയ കേജ്‌രിവാൾ പത്തു കോടി രൂപയുടെ മാനനഷ്‌ടക്കേസിൽ നിന്ന് മാപ്പുപറഞ്ഞ് ഒരുവിധമാണ് തടിയൂരിയത്.

ക്രിക്കറ്റ് പ്രേമിയായ അരുൺ ജയ്‌റ്റ‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന 2000-2013 കാലത്ത് സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു 2015ൽ കേജ‌്‌രിവാളിന്റെ ആരോപണം. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം കേജ്‌രിവാളിന്റെ പ്രസ്‌താവന പ്രചരിച്ചതോടെ അരുൺ ജയ്‌റ്റ്‌ലി പത്തു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്‌ടക്കേസ് നൽകി. ആരോപണങ്ങൾ കഴമ്പില്ലാത്തതാണെന്നു ണ്ടിക്കാട്ടി ജയ്‌റ്റ്ലി നൽകിയ ഹർജി കോടതിയിൽ എതിർക്കാൻ കേജ്‌രിവാളിനായില്ല.

കേജ്‌രിവാളിനായി ആദ്യഘട്ടത്തിൽ ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ ബി.ജെ.പി നേതാവുമായ രാംജത്‌മലാനി ഹർജിക്കാരനായ ജയ്‌റ്റലിക്കെതിരെ നടത്തിയ മോശം പരാമർശവും കേസിൽ നിർണായകമായി. വസ്‌തുതകൾ പരിശോധിക്കാതെ നടത്തിയ പ്രസ്‌താവനയാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ മാപ്പുപറഞ്ഞതിനെ തുടർന്നാണ് കേസ് തീർപ്പായത്.

രാഷ്ട്രീയ നേതാവായി പേരെടുക്കുന്ന സമയത്തും സുപ്രീം കോടതിയിലെയും ഡൽഹി ഹൈക്കോടതിയിലെയും തിരക്കുള്ള അഭിഭാഷകൻ കൂടിയായിരുന്നു അരുൺ ജയ്‌റ്റ്ലി. മുൻ പ്രധാനമന്ത്രി വി.പി.സിംഗിന്റെ കാലത്ത് അഡിഷണൽ സോളിസിറ്റർ ജനറൽ ആയിരുന്ന ജയ്‌റ്റലിക്കാണ് ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കാൻ ചുമതല ലഭിച്ചത്. രാഷ്‌ട്രീയ പ്രതിയോഗികളായ ശരത് യാദവ്, മാധവ റാവു സിന്ധ്യ എന്നിവർക്കു വേണ്ടിയും അദ്ദേഹം കോടതിയിൽ ഹാജരായിട്ടുണ്ട്. കോള കമ്പനികൾ തമ്മിൽ സുപ്രീംകോടതിയിൽ നടന്ന നിയമ യുദ്ധത്തിൽ ഒരു കക്ഷിക്കായി ഹാജരായത് ജയ്‌റ്റ‌ലിയാണ്.

നിയമരംഗത്തെ ജയ്‌റ്റ‌ലിയുടെ അനുഭവ സമ്പത്താണ് പിന്നീട് വാജ്‌പേയി സർക്കാരിൽ അദ്ദേഹത്തെ നിയമമന്ത്രിയാക്കാൻ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്. ബോഫോഴ്സ് കേസുകളിലെ പരിജ്ഞാനം അദ്ദേഹം കോൺഗ്രസിനെ ചെറുക്കാൻ ആയുധമാക്കുകയും ചെയ്‌തു. അഭിഭാഷകനെന്ന ആനുകൂല്യം രാഷ്‌ട്രീയ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ വ്യക്തിപരമായും പാർട്ടിക്കു വേണ്ടിയും അദ്ദേഹത്തെ സഹായിച്ചു.