അരുൺ ജയ്‌റ്റ്ലി 1952-2019 സംസ്കാരം ഇന്ന് ഡൽഹി യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ
ന്യൂഡൽഹി: മോദിയുടെ ഉദയത്തിന് പശ്ചാത്തലമൊരുക്കിയ രാഷ്ട്രീയ ധിക്ഷണാശാലിയും മുതിർന്ന ബി.ജെ.പി നേതാവും മുൻകേന്ദ്ര ധനമന്ത്രിയും ഉന്നത ശ്രേണികളിലെ സൗമ്യമുഖവുമായിരുന്നഅരുൺ ജയ്‌റ്റ‌്‌ലി (66) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആഗസ്‌റ്റ് 9ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച ജയ്‌റ്റലി ഇന്നലെ ഉച്ചയ്‌ക്ക് 12മണിയോടെ വിടപറഞ്ഞു. കെെലാഷ് നഗറിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതിക ശരീരം ഇന്ന് രാവിലെ 10മുതൽ ഉച്ചവരെ ബി.ജെ.പി ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചശേഷം ഡൽഹി യമുനാ തീരത്തെ നിഗംബോധ് ഘട്ടിൽ സംസ‌്‌കരിക്കും. വീട്ടമ്മയായ ഭാര്യ സംഗീത ദോഗ്ര, സുപ്രീംകോടതിയിലെ അഭിഭാഷകരായ മക്കൾ രോഹൻ ജയ്‌റ്റ്‌ലി, സൊണാലി ജയ്‌റ്റ്‌ലി എന്നിവർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
ഒന്നാം മോദി മന്ത്രിസഭയിൽ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ നടപ്പായത്. സുപ്രീംകോടതിയിൽ അഭിഭാഷകനായും രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും ശോഭിച്ചു. അധികാരത്തിന്റെ തലക്കനം ഒരിക്കൽപ്പോലും പൊതുവേദിയിൽ പ്രകടിപ്പിച്ചിട്ടില്ലാത്ത ജയ്റ്റ്ലി അക്കാര്യത്തിൽ ബി.ജെ.പിയിലെ തികച്ചും വേറിട്ട മുഖമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വാർത്താ വിതരണ വകുപ്പും, ഒന്നാം മോദി സർക്കാരിൽ ധനകാര്യം, പ്രതിരോധം തുടങ്ങിയ നിർണായക വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. യു.പി.എ ഭരിച്ച പത്തുവർഷം രാജ്യസഭാ പ്രതിപക്ഷ നേതാവായി തിളങ്ങിയ ജയ്റ്റ്ലി മറുപക്ഷത്തുള്ള നേതാക്കൾക്കും സ്വീകാര്യനായിരുന്നു.
കടുത്ത പ്രമേഹം അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ജയ്റ്റ്ലിയെ നിരന്തരം അലട്ടിയിരുന്നു. 2014ൽ കൊഴുപ്പുകുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കും 2018 മേയിൽ വൃക്കമാറ്റിവയ്‌ക്കലിനും ശേഷം ആരോഗ്യം കൂടുതൽ വഷളായി. ഇക്കൊല്ലമാദ്യം തൊലിപ്പുറത്തെ കാൻസറിന് യു.എസിൽ ചികിത്സ തേടിയിരുന്നു. ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന് ആരോഗ്യകാരണങ്ങളാൽ മോദിസർക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം മോദി മന്ത്രിസഭയിൽ ചേരാതെ മാറി നിന്ന് ദക്ഷിണ ഡൽഹിയിലെ സ്വവസതിയിൽ വിശ്രമത്തിൽ കഴിയുമ്പോഴും നിർണായക രാഷ്ട്രീയ തീരുമാനങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു
.
യു.എ.ഇയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബന്ധുക്കളെ വിളിച്ച് അനുശോചനം അറിയിച്ചു. ഇന്ന് പാരീസിൽ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കൾ തടഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റ് മന്ത്രിമാർ, പ്രമുഖർ, നിയമജ്ഞർ, സാധാരണക്കാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഡൽഹിയിൽ ജനിച്ച് പഠിച്ചു വളർന്ന ജയ്‌റ്റ്‌ലി എ.ബി.വി.പിയിലൂടെയാണ് ബി.ജെ.പിയിൽ എത്തിയത്. രാജ്യത്തെ നികുതി വ്യവസ്ഥ ഏകീകരിച്ച ജി.എസ്.ടി നടപ്പാക്കിയ ധനമന്ത്രി എന്ന അംഗീകാരത്തോടെയാണ് ജയ്‌റ്റ്‌ലി വിടവാങ്ങുന്നത്.
2014ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സറിൽ നിന്ന് പരാജയപ്പെട്ടെങ്കിലും പ്രമുഖ വകുപ്പുകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിലെടുത്തതിലൂടെ ജയ്റ്റ്ലിയുടെ വിശ്വസ്തതയും കലർപ്പില്ലാത്ത കഴിവും പരക്കെ അംഗീകരിക്കപ്പെടുകയായിരുന്നു.