തിരുവനന്തപുരം: സീനിയോറിട്ടി പട്ടിക പ്രസിദ്ധീകരിക്കാതെ ഹോമിയോ വകുപ്പ് ഒളിച്ചുകളിക്കുന്നതിനാൽ ആവശ്യത്തിന് നഴ്‌സുമാരും ഹെഡ് നഴ്‌സുമില്ലാതെ സംസ്ഥാനത്തെ ഹോമിയോ ആശുപത്രികൾ വീർപ്പുമുട്ടുന്നു. സ്റ്റാഫ് നഴ്സ് റാങ്ക് പട്ടിക നിലവിൽവന്ന് ഒന്നര വ‌ർഷമായിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. എല്ലാ ജില്ലകളിലും ഹോമിയോ ആശുപത്രികളുണ്ടെങ്കിലും സ്ഥാനക്കയറ്റം ലഭിക്കാത്തതിനാൽ ഒരാശുപത്രിയിലും ഹെഡ് നഴ്സ് ഇല്ലാത്ത സ്ഥിതിയുമാണ്.

രണ്ടായിരത്തിനു മുൻപ് സീനിയോറിട്ടിയും പ്രൊരമോഷനും ലഭിച്ച ആരും ഇന്ന് സർവീസിലുമില്ല. എട്ട് വർഷം കൂടുമ്പോൾ ഗ്രേഡ് 1 തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകണമെന്നാണ് ചട്ടം. ഇത് നടക്കാത്തതിനാൽ ജോലിയിൽ കയറുന്ന സ്റ്റാഫ് നഴ്സുമാരെല്ലാം വർഷങ്ങളായി ഗ്രേഡ് -2 തസ്തികയിൽ തുടരുകയാണ്. ഇതുമൂലം പുതിയ തസ്തികകളും പി.എസി.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. ഒട്ടേറെ പ്രതിഷേധങ്ങൾക്കുശേഷം 2017 ലാണ് ഗ്രേഡ് - 2 തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. മേയിൽ പരീക്ഷ നടത്തി ഒക്ടോബറിൽ 38 പേരുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. എന്നിട്ടും നിയമം നടന്നില്ല. ലിസ്റ്റ് റദ്ദ് ചെയ്യുമെന്ന പേടിയിലാണ് ഉദ്യോഗാർത്ഥികൾ.
നിലവിലുള്ള ജീവനക്കാരെ അധിക ഡ്യൂട്ടി എടുപ്പിച്ചും താത്കാലിക ജീവനക്കാരെ വച്ചുമാണ് ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രികളുടെ പ്രവർത്തനം നടക്കുന്നത്. പുതിയ സ്റ്റാഫ് പാറ്റേൺ കൊണ്ടുവരാത്തതിനാൽ ഫാർമസിസ്റ്റുകളെയും അറ്റന്റർമാരെയും വച്ച് അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന ഹോമിയോ ആശുപത്രികൾ വരെ സംസ്ഥാനത്തുണ്ട്.

എന്നാൽ ഹോമിയോ വകുപ്പിൽ സീനിയോറിട്ടി സംബന്ധിച്ചു തർക്കം നിലനിൽക്കുന്നതിനാലാണ് പട്ടിക പ്രസിദ്ധീകരിക്കാത്തതെന്നും വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ഹോമിയോ വകുപ്പ് അധികൃതരുടെ പ്രതികരണം.