ന്യൂഡൽഹി: കാശ്മീരിലെ കുൽഗാം എം.എൽ.എയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടർന്ന് വീട്ടുതടങ്കലിലാക്കപ്പെട്ടിരിക്കുകയാണ് തരിഗാമി. അദ്ദേഹത്തെ കാണാനായി ശ്രീനഗറിലേക്ക് പോയെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തരിഗാമിക്ക് നൽകാനായി ഒരു കത്ത് നൽകിയിരുന്നു.
ഇത് അദ്ദേഹത്തിന് ലഭിച്ചോ എന്ന് പോലും അറിയില്ലെന്നും യെച്ചൂരി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ദിവസങ്ങളായി കസ്റ്റിഡിയിൽ തുടരുന്ന തരിഗാമിക്ക് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. യെച്ചൂരിയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന. നാലുതവണ ജമ്മുകാശ്മീർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് തരിഗാമി.