ഞാൻ എന്നെ ഒരിക്കലും അഭയാർത്ഥിയായി കണ്ടിട്ടില്ല. മത,സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളൊന്നും എന്നെ ഇന്ത്യവിടാൻ നിർബന്ധിച്ചില്ല. ഖൈബർ പാസ് പോലുള്ള ആ ഭൂപ്രകൃതിയോടുള്ള ഇഷ്ടമായിരുന്നു പ്രേരണ. മദ്രാസിലായിരുന്നു അക്കാലത്ത് ഞാൻ. ഒറ്റപ്പെടലും ഒരു കാരണമായിരുന്നിരിക്കാം. പക്ഷേ എനിക്ക് കുറ്റബോധമില്ല "" 2011ൽ സിക്സ്റ്റി ഇയേഴ്സ് ഒഫ് സെൽഫ് എക്സൈൽ- നോ റിഗ്രറ്റ്- എന്ന ആത്മകഥയുമായി ഡൽഹിയിലെത്തിയപ്പോൾ ബി.എം കുട്ടി പറഞ്ഞു.
' സ്വയം നാടുകടത്തി "പാകിസ്ഥാനിലെത്തി അവിടെ മുൻനിര രാഷ്ട്രീയ നേതാവായി മാറിയ ഒരു മലയാളിയുടെ അസാധാരണ കഥയാണ് ബി.എം കുട്ടിയുടേത്. അതിനാൽ ഇന്ത്യ വിഭജിച്ച് പാകിസ്ഥാനുണ്ടാക്കിയപ്പോൾ ജന്മംകൊണ്ട പലായനകഥകളിൽ ആ ജീവിതം വേറിട്ടുനിൽക്കുന്നു.മലപ്പുറം തിരൂരിനടുത്ത പൊൻമുണ്ടത്ത് നിന്ന് ബിയ്യാത്തുൽ മൊയ്തീൻ കുട്ടി ഉപരിപഠനത്തിന് മദ്രാസിലെത്തി. 1949ലെ സ്വാതന്ത്ര്യദിനത്തലേന്ന് ഒരു സുഹൃത്തിനൊപ്പം കറാച്ചിയിലും.
'' ഇന്ത്യാ വിഭജനത്തിന്റെ പേരിൽ മലയാളികൾ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നില്ല. 1921ലെ മാപ്പിള ലഹളയെ തുടർന്നാണ് കുടിയേറ്റം വലിയ രീതിയിൽ തുടങ്ങുന്നത്. കുടിയേറ്റം കൂടൂതലും സിംഗപൂരിലേക്കായിരുന്നു. കുറച്ചുപേർ കറാച്ചിയിലെത്തി. 1921 ൽ തുടങ്ങി 1947 ആകുമ്പോഴേക്കും ഇവർ കറാച്ചിയിൽ സ്ഥിരതാമസം തുടങ്ങി. അവർ അവിടെ ചായക്കട ആരംഭിച്ചു. ബീഡിത്തൊഴിലാളികളിൽ മിക്കവരും മലയാളികൾ. ഞാൻ കറാച്ചിയിൽ തങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല. ലാഹോർ സന്ദർശിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ആലോചന. ലാഹോറിലേക്ക് പോയി. മുഗൾ രാജാവ് ജഹാംഗീറിനെ ഖബറടക്കിയത് ലാഹോറിലായിരുന്നു. നൂർജഹാനെയും അനാർക്കലിയെയും ഇഷ്ടമായിരുന്നു. ലാഹോറിൽവച്ച് പരിചയപ്പെട്ട തിരുവിതാംകൂറുകാരൻ ഇന്ത്യൻ കോഫി ഹൗസിൽ ജോലി ശരിയാക്കിത്തന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും പ്രസിദ്ധീകരണങ്ങളുമായും നേതാക്കളുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങി. കല്യാണംകഴിച്ചു. പിന്നെ മടങ്ങിയില്ല''- സംഭവബഹുലമായ ആ തുടക്കം അദ്ദേഹം രേഖപ്പെടുത്തി.
ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അയൂബ് ഖാന്റെ പട്ടാള ഭരണകാലത്തും സുൾഫിക്കർ അലി ഭൂട്ടോയുടെ ജനാധിപത്യ ഭരണകാലത്തും ജയിലിലായി. എഴുപതുകളിൽ ബലൂചിസ്ഥാൻ ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന ഉയർന്ന പദവി. എന്നും ഇന്ത്യാ പാക് സൗഹൃദത്തിനായി ആവേശത്തോടെ നിലകൊണ്ട നേതാവായിരുന്നു ബി.എം കുട്ടി.1994 മുതൽ ഇന്ത്യ പാക് പീപ്പിൾസ് ഫോറം ഫോർ പീസ് ആൻഡ് ഡിമോക്രസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പാകിസ്ഥാനി പീസ് കൊയലേഷന്റെ സ്ഥാപക സെക്രട്ടറി ജനറലായി.
'ഇന്ത്യയിലെ ജനങ്ങളുമായി പാകിസ്ഥാനിലെ ജനങ്ങൾക്ക് ശത്രുതയുണ്ടെന്ന് കരുതുന്നില്ല. പക്ഷേ രാഷ്ട്രീയ പാർട്ടികളിലും മതസംഘടനകളിലും സുരക്ഷാ ഏജൻസികളിലും ഒരു വിഭാഗം ശത്രുത പുലർത്തുന്നുണ്ട്. തീർച്ചയായും ആ വിഭാഗം ന്യൂനപക്ഷ"മാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
'അതിരുവിട്ട 'യാത്ര തുടങ്ങി കാലങ്ങൾ കഴിഞ്ഞിട്ടും മലയാളത്തെ കൈവിട്ടിരുന്നില്ല. ''സ്കൂളിൽ മുസ്ലിംവിദ്യാർത്ഥികൾ സാധാരണ അറബിയാണ് രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാറ്. ഞാൻ മലയാളമെടുത്ത് പഠിച്ചു. കോളേജിൽ മലയാളം സാഹിത്യവും. പാകിസ്ഥാനിൽ ഇന്ത്യൻ പത്രങ്ങൾ ലഭിച്ച സമയത്ത് മലയാളം പത്രങ്ങൾ സ്ഥിരമായി വായിച്ചു. പലതവണ നാട്ടിൽ വന്നപ്പോഴും നല്ല മലയാളം നാവിലുണ്ടായിരുന്നു.""