voting

ന്യൂഡൽഹി:കേരളകോൺഗ്രസ് - എം നേതാവും മുൻ ധനമന്ത്രിയുമായ കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന കേരളത്തിലെ പാലാ ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ സെപ്തംബർ 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

ചത്തീസ്ഗ‌ഡിലെ പട്ടികവർഗ മണ്ഡലം ദന്തേവാഡ, ത്രിപുരയിലെ പട്ടികജാതി മണ്ഡലം ബാദർഘട്ട് , ഉത്തർപ്രദേശിലെ ഹാമിർപുർ എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. ഇത് മൂന്നും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പെരുമാറ്റചട്ടം നിലവിൽ വന്നു. എല്ലായിടത്തും വോട്ടിംഗ് യന്ത്രവും വിവിപാറ്റും ഉപയോഗിക്കും.

അൻപത് വ‌ർഷത്തിലേറെ പാലാ എം.എൽ.എ ആയിരുന്ന കെ.എം മാണി ഇക്കൊല്ലം ഏപ്രിൽ 9നാണ് അന്തരിച്ചത്. അതേസമയം, കഴിഞ്ഞവർഷം ഒക്ടോബറിൽ, എം.എൽ.എആയിരുന്ന പി.ബി അബ്ദുൾ റസാഖ് അന്തരിച്ചതിനെ തുടർന്ന് ഒഴിവ് വന്ന മഞ്ചേശ്വരത്തും ഹൈബി ഈഡൻ (എറണാകുളം), കെ.മുരളീധരൻ (വട്ടിയൂർക്കാവ്), എ.എം ആരിഫ് (അരൂർ) അടൂർ പ്രകാശ് (കോന്നി) എന്നിവർ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് ഒഴിവു വന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല .
കൊലക്കേസിൽ അലഹബാദ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എ അശോക് ചന്ദേൽ അയോഗ്യനാക്കപ്പെട്ടതോടെയാണ് യു.പിയിലെ ഹാമിദ്പൂർ സീറ്റ് ഒഴിഞ്ഞത്. സംസ്ഥാനത്തെ മറ്റ് 12 നിയമസഭാ മണ്ഡലങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. ബി.ജെ.പി എം.എൽ.എ ഭീമ മണ്ഡാവി മാവോയിസ്റ്ര് ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ് ദന്തേവാഡ സീറ്റ് ഒഴിഞ്ഞത്. അഞ്ചു തവണ എം.എൽ.എയായിരുന്ന ദിലീപ് സർക്കാരിന്റെ മരണത്തെതുടർന്നാണ് ത്രിപുരയിലെ ബാദർഘട്ടിൽ ഉപതിരഞ്ഞെടുപ്പ്.

വോട്ടെടുപ്പ് : സെപ്തംബർ 23

വോട്ടെണ്ണൽ : സെപ്തംബർ 27

തിരഞ്ഞെടുപ്പ് വിജ്ഞാപനം: ആഗസ്റ്റ് 28

പത്രിക നൽകാനുള്ള അവസാന തീയതി : സെപ്തംബർ 4

സൂക്ഷ്‌മപരിശോധന : സെപ്തംബർ 5

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : സെപ്തംബർ 7