arun-jaitly

ന്യൂഡൽഹി: കർമ്മപഥത്തിൽ സൂര്യനായി ജ്വലിച്ച ജയ്റ്റ്ലിക്ക് ഒടുവിൽ അഗ്നിയിൽ വിലയനം. അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്‌ലിക്ക് രാജ്യം കണ്ണീരോടെ വിട ചൊല്ലി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഭാര്യ സംഗീതയും മകൾ സൊണാലിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പെടെയുള്ള പ്രമുഖരും ദു:ഖഭാരത്താൽ വിതുമ്പിനില്ക്കെ യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ മകൻ രോഹൻ ജയ്‌റ്റ്‌ലി ചിതയ്‌ക്ക് തീ കൊളുത്തി.

ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി, പാർട്ടി അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ദേവേന്ദ്ര ഫഡ്നാവിസ്, വിജയ് രൂപാണി, ബി.എസ് യെദ്യൂരപ്പ, നിതീഷ് കുമാ‌ർ, ത്രിവേന്ദ്ര സിംഗ് റാവത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു. കനത്ത മഴയ്‌ക്കിടയിലും ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും ജയ്റ്റ്ലിക്ക് വിടചൊല്ലാനെത്തി. വിദേശ സന്ദർശനത്തിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാനായില്ല.

ദേശീയപതാക പുതപ്പിച്ച ജയ്‌റ്റിലിയുടെ ഭൗതികദേഹം കൈലാഷ് കോളനിയിലെ വസതിയിൽ നിന്ന് രാവിലെ 11 മണിയോടെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചു. രാവിലെ മുതൽ കാത്തുനിന്ന പ്രവർത്തകർ അന്ത്യാഞ്ജലിയർപ്പിച്ചു. രണ്ടരമണിക്കൂറോളം ഇവിടെ പൊതുദർശനത്തിനു വച്ചശേഷം പുഷ്പാലംകൃത വാഹനത്തിൽ നിഗംബോധ്‌ ഘട്ടിലേക്ക് ഭൗതികദേഹം എടുക്കുമ്പോൾ പ്രവർത്തകർ 'ജയ്‌റ്റ‌ലി അമർ രഹെ'എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ ഭൗതികദേഹം വഹിച്ച വാഹനത്തെ അനുഗമിച്ചു.