manmohan-

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിനുള്ള എസ്.പി.ജി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. നാഷണൽ സെക്യൂരിറ്റി ഗാർഡ് കമാൻഡോകൾ (എൻ.എസ്.ജി) അടങ്ങിയ അർദ്ധ സൈനിക വിഭാഗത്തിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാകും ഇനി മൻമോഹൻ സിംഗിന്.

സുരക്ഷാ ഭീഷണി വിലയിരുത്തി എസ്.പി.ജി സൗകര്യം ഓരോ വർഷവും പുനരവലോകനം ചെയ്യാറുണ്ട്. ഇത്തവത്തെ പരിശോധനയ്ക്കു ശേഷമാണ് സിംഗിന്റെ എസ്.പി.ജി സുരക്ഷ ഒഴിവാക്കാനുള്ള തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്കു മാത്രമാകും ഇനി എസ്.പി.ജി സുരക്ഷ.

മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ 2014 മെയ് മുതൽ മൻമോഹൻ സിംഗിന് എസ്.പി.ജി.സുരക്ഷ നൽകിവരികയായിരുന്നു. മുൻ പ്രധാനമന്ത്രിരായ പി.വി. നരസിംഹറാവു, എച്ച്.ഡി.ദേവഗൗഡ, ഐ.കെ. ഗുജ്‌റാൾ എന്നിവർക്കും പിന്നീട് എസ്.പി.ജി സുരക്ഷ ഒഴിവാക്കിയിരുന്നു. അതേസമയം മുൻ പ്രധാനമന്ത്രി വാജ്‌പേയിക്ക് 2018- ൽ അന്തരിക്കും വരെ എസ്.പി.ജി സുരക്ഷ തുടർന്നു.

എസ്.പി.ജി സംരക്ഷണം:

പ്രത്യേക പരിശീലനം ലഭിച്ച സായുധ സേനയാണ് സ്‌പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്.പി.ജി). പൊതുചടങ്ങുകളിലും മറ്റും എസ്.പി.ജിക്കു പുറമെ വിവിധ നിരകളായി നാഷണൽ സെക്യൂരിറ്റി ഗാർഡ് കമ്മാൻഡോകൾ (ഇസഡ് പ്ളസ്), ഡൽഹി പൊലീസ് (ഇസഡ് ) എന്നീ വിഭാഗങ്ങളും സംരക്ഷണത്തിനുണ്ടാകും.

1984- ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷമാണ് എസ്.പി.ജി സുരക്ഷാ രീതി ഏർപ്പെടുത്തിത്തുടങ്ങിയത്. തുടക്കത്തിൽ പ്രധാനമന്ത്രിക്കു മാത്രമായിരുന്നു എസ്.പി.ജി സുരക്ഷയെങ്കിലും 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകിത്തുടങ്ങി.