ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് 30 വരെ നീട്ടി. കസ്റ്റഡി നീട്ടണമെന്ന സി.ബി.ഐയുടെ ആവശ്യം സ്പെഷ്യൽ ജഡ്‌ജി അജയ്‌കുമാർ കുഹാർ അംഗീകരിക്കുകയായിരുന്നു.
അതേസമയം മുൻകൂർ ജാമ്യം തള്ളിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ നേരത്തേ ചിദംബരം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സി.ബി.ഐ കേസിൽ അറസ്റ്റിലായതിനാൽ മുൻകൂർജാമ്യ ഹർജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാം. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ചിദംബരത്തിന്റെ മുൻകൂർ ജാമ്യം ഇന്നത്തേക്ക് കൂടി നീട്ടി. ഇന്ന് വാദം തുടരും.
കസ്റ്റഡി നീട്ടുന്നതിനെ സി.ബി.ഐ കോടതിയിൽ ചിദംബരത്തിന് വേണ്ടി
മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. ചോദ്യം ചെയ്യൽ വെറും അസംബന്ധമാണ്. 50 ലക്ഷം നൽകിയെന്ന ആരോപണത്തിൽ ഇതുവരെ ഒരു രേഖയും സി.ബി.ഐ ഹാജരാക്കിയിട്ടില്ല. ഒരു തെളിവുമില്ലാതെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കുന്നത് നിയമവിരുദ്ധമാണ്. രേഖകൾ തങ്ങളെ കാണിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കോടതിയെ എങ്കിലും കാണിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.
എന്നാൽ ഐ.എൻ.എക്സ് കമ്പനിയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട് കൂടുതൽ ചോദിക്കാനുണ്ടെന്ന് സി.ബി.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതിയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം നിയമം കാണണമെന്ന് ചിദംബരം ആവശ്യപ്പെടും. തുടർന്ന് രേഖകൾ വായിക്കാൻ ഒരു മണിക്കൂറോളമാണ് ചിദംബരമെടുക്കുന്നത്. പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി അഞ്ച് രാജ്യങ്ങൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.