corruption-

ന്യൂഡൽഹി : അഴിമതിക്കേസുകളിൽ ഉൾപ്പെട്ട 22 കേന്ദ്ര ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർബന്ധിത വിരമിക്കൽ നൽകി. സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തുടങ്ങി ഉയർന്ന തസ്തികകളിലുള്ളവരാണിവർ. രാഷ്ട്രപതി നേരിട്ടാണ് ഉദ്യോഗസ്ഥരോട് വിരമിക്കൽ ആവശ്യപ്പെട്ടിരിക്കുന്നത്. പദവികൾ ഉപയോഗിച്ച് നികുതിദായകരെ പീഡിപ്പിക്കൽ, അന്യായമായ ഇളവുകൾ നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് കാരണമായി പറഞ്ഞിരിക്കുന്നത്. അഴിമതിക്കേസുകളിൽ ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുകയുമാണ്.

നാഗ്പൂർ, ഭോപാൽ, ചെന്നൈ, ബംഗളൂരു, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, മീററ്റ്, മുംബയ്, ചണ്ഡീഗഡ് സോണുകളിലെ ഉദ്യോഗസ്ഥരാണിവർ. ഇവരിൽ ഒൻപത് പേർ ഇൻഡോറിലെ എല്ലോറ ടുബാക്കോ കമ്പനിയിൽ വിവിധ കാലയളവിൽ മേഖലാ ഓഫീസർമാരായി പ്രവർത്തിച്ചിരുന്നു. ഇവിടെ അനധികൃതമായി വൻതോതിൽ ലഹരി വസ്തുക്കൾ നിർമ്മിക്കുന്നതിനും അവ വിപണിയിൽ എത്തിക്കുന്നതിനും കൂട്ടുനിന്ന ഉദ്യോഗസ്ഥർ കോടികൾ കൈപ്പറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ പ്രത്യക്ഷ നികുതി ബോർഡിലെ 12 ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 27 പേർക്ക് കേന്ദ്രസർക്കാർ നിർബന്ധിത വിരമിക്കൽ നടപ്പാക്കിയിരുന്നു. അഴിമതിയുടെ നിഴലിൽ നിൽക്കുന്ന കൂടുതൽ പേർക്കെതിരെ ശക്തമായ നടപടി ഇനിയുമുണ്ടാകുമെന്ന് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

ആദായ നികുതി വകുപ്പിലെ പല ഉദ്യോഗസ്ഥരും പദവി ദുരുപയോഗം ചെയ്യുന്നതും നികുതി ദായകരെ പീഡിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.