ന്യൂഡൽഹി: കാശ്മീരിലെ അഭിപ്രായ സ്വാതന്ത്ര്യ നിഷേധം ചൂണ്ടിക്കാട്ടി രാജിവച്ച മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ ആഭ്യന്തരമന്ത്രാലയം അച്ചടക്ക നടപടി തുടങ്ങിയിരുന്നതായി റിപ്പോർട്ട്. കൃത്യവിലോപവും അച്ചടക്കരാഹിത്യവും ആരോപിച്ച് ജൂലായ് 8ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നെന്ന് ദേശീയമാദ്ധ്യമം റിപ്പോർട്ട് ചെയ്തു. പ്രളയകാലത്ത് സ്വന്തം സംസ്ഥാനമായ കേരളം സന്ദർശിച്ച കണ്ണൻ എപ്പോൾ മടങ്ങിയെത്തുമെന്ന് അറിയിക്കാത്തതടക്കം അഞ്ച് കാരണങ്ങളാണ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി രാകേഷ് കുമാർ സിംഗ് പുറപ്പെടുവിച്ച നോട്ടീസിലുള്ളത്. എന്നാൽ നോട്ടീസിലെ ആരോപണങ്ങൾ നിഷേധിച്ച കണ്ണൻ ഗോപിനാഥൻ താൻ ജോലി ഉത്തരവാദിത്വത്തോടെ നിർവഹിച്ചതായും മറുപടി നൽകി.