ന്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ച ഒഡീഷ പി.സി.സി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പിരിച്ചുവിട്ടു. അതേസമയം പി.സി.സി അദ്ധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരും തുടരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ജാർഖണ്ഡിലെ പുതിയ പി.സി.സി അദ്ധ്യക്ഷനായി രാമേശ്വർ ഓരാവോനെയും ഒപ്പം നാല് വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചു. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടി. എസ്. സിംഗ്‌ദോ അദ്ധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിക്കും രൂപം നൽകി. കമ്മിറ്റിയിൽ അംഗങ്ങളായി കൊടിക്കുന്നിൽ സുരേഷ് എംപി, എ.ഐ.സി.സി സെക്രട്ടറി സലീം അഹമ്മദ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ആർ.പി.എൻ സിംഗ്, പി.സി.സി അദ്ധ്യക്ഷൻ ഓറാവോൻ, നിയമസഭാ കക്ഷി നേതാവ് ആലംഗിർ ആലം എന്നിവരുമുണ്ട്. എ.ഐ.സി.സിയുടെ എസ്.സി വിഭാഗം ദേശീയ കോർഡിനേറ്ററായി ഗോപാൽ ദേൻവാലിനെയും നിയമിച്ചു.