firoz-sha-stadium
firoz sha stadium

ന്യൂഡൽഹി: അന്തരിച്ച മുൻ ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്റ്റ്‌ലിയോടുള്ള ആദര സൂചകമായി ന്യൂഡൽഹിയിലെ പ്രാധാന കളിസ്ഥലമായ ഫിറോസ് ഷാ കോട്‌ലാ സ്റ്റേഡിയത്തിന്റെ പേര് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയമായി പുനർനാമകരണം ചെയ്യാൻ ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) തീരുമാനിച്ചു. 1999 മുതൽ 2013 വരെ അരുൺ ജയ്റ്റ്‌ലി ഡി.ഡി.സി.എയുടെ അദ്ധ്യക്ഷൻ കൂടിയായിരുന്നു. ട്വിറ്ററിലൂടെയാണ് ഡി.ഡി.സി.എ ഇക്കാര്യം അറിയിച്ചത്.

അരുൺ ജയ്റ്റ്‌ലി അദ്ധ്യക്ഷനായിരുന്ന കാലഘട്ടത്തിലാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുതുക്കി പണിതത്. സ്‌റ്റേഡിയത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഡ്രസിംഗ് മുറികൾ ഉൾപ്പെടെ കൂടുതൽ പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാക്കി മാറ്റി. അരുൺ ജയ്റ്റ്‌ലിയോടുള്ള ആദരവ് നിലനിറുത്താനാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നതെന്ന് അസോസിയേഷൻ വ്യക്തമാക്കി. വിരാട് കോഹ്‌ലി, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ, റിഷഭ് പന്ത് തുടങ്ങി നിരവധി കളിക്കാരിലൂടെ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ കഴിഞ്ഞത് അരുൺ ജയ്റ്റ്‌ലിയുടെ പിന്തുണയും പ്രോത്സാഹനവുമാണെന്ന് ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമ പറഞ്ഞു. നേരത്തേ പ്രഖ്യാപിച്ചതുപോലെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലിയുടെ പേരിലാണ് കോട്‌ലയിലെ ഒരു സ്റ്റാൻഡ്.

സെപ്തംബർ 12 ന് നടക്കുന്ന ചടങ്ങിലാകും പുനർനാമകരണം പ്രഖ്യാപിക്കുക. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി അമിത് ഷായും കായിക മന്ത്രി കിരൺ റിജിജുവും പങ്കെടുക്കും.

കായിക രംഗത്തിന് ഒട്ടേറെ സംഭാവനകൾ ചെയ്ത അരുൺ ജയ്റ്റ്‌ലിക്ക് ആദരമായി തന്റെ നിയോജകമണ്ഡലത്തിലെ യമുന സ്‌പോർട്‌സ് കോംപ്ലക്‌സിന് ജയ്റ്റ്‌ലിയുടെ പേരിടണമെന്ന് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം ലഫ്ടനന്റ് ഗവർണർ അനിൽ ബൈജാലിന് കത്തെഴുതിയിരുന്നു.