ന്യൂഡൽഹി: എംപ്ളോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പദ്ധതിയിൽ 12 ശതമാനം വിഹിതം അടയ്‌ക്കണമെന്ന ചട്ടം വീട്ടു ജോലിക്കാർ, ഡ്രൈവർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇളവു ചെയ്യാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ശുപാർശ ചെയ്‌തു. തൊഴിലാളികളുടെ പ്രായം, വേതനം, ലിംഗം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇളവു നൽകുക. ഇ.പി.എഫ് ആൻഡ് മിസലേനിയസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിന്റെ കരട് ഭേദഗതി നിർദ്ദേശത്തിലാണ് ശുപാർശ. അതേസമയം തൊഴിലുടമകളുടെ വിഹിതം കുറയ്‌ക്കില്ല.
20ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 15,000 രൂപവരെ ശമ്പളമുള്ള തൊഴിലാളി 24 ശതമാനം തുക (തൊഴിലാളിയുടെ 12 ശതമാനവും തൊഴിലുടമയുടെ 12 ശതമാനം വിഹിതവും) ഇ.പി.എഫ് പദ്ധതിയിൽ അടയ്‌ക്കണമെന്നാണ് ചട്ടം. ബീഡി, കയർ വ്യവസായങ്ങളിൽ 10 ശതമാനമാണ് വിഹിതം. പ്രായം, വേതനം, ലിംഗം തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരം ഈ വിഹിതം കുറച്ച് കൂടുതൽ ശമ്പളം വാങ്ങാൻ തൊഴിലാളികൾക്ക് അവസരമൊരുക്കുന്നതാണ് ശുപാർശ. തൊഴിലാളികൾക്ക് ഇ.പി.എഫ്.ഒ, ദേശീയ പെൻഷൻ പദ്ധതി എന്നിവയുടെ കീഴിലുള്ള പദ്ധതികളിലേക്ക് മാറാനും അവസരം നൽകും. ചെറിയ വരുമാനക്കാർക്ക് വിഹിതം അടയ്‌ക്കാൻ കഴിയില്ലെങ്കിൽ അതിനും ഓപ്‌ഷൻ ലഭ്യമാക്കും. ഇവരുടെ കാര്യത്തിൽ തൊഴിലുടമയുടെ വിഹിതം അടയ്‌ക്കണം.
പ്രധാനമന്ത്രി ശ്രംയോഗി മന്ദൻ പെൻഷൻ യോജ്‌ന പ്രകാരം അസംഘടിത മേഖലയുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പി.എഫ് വിഹിതത്തിൽ ഇളവു നൽകാൻ ആലോചിക്കുന്നത്.
രാജ്യത്തെ വ്യാവസായിക, സാമ്പത്തിക രംഗങ്ങളിലെ മാറ്റങ്ങൾ തൊഴിൽ മേഖലയിൽ പ്രതിഫലിച്ചത് കണക്കിലെടുത്താണ് നിയമ ഭേദഗതിയെന്ന് തൊഴിൽ മന്ത്രാലയം വിശദീകരിക്കുന്നു. പി.എഫ് വിഹിതവും അതിന്റെ അടയ്‌ക്കേണ്ട കാലാവധിയും നിശ്‌ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഭേദഗതിയിലുണ്ടാകും. 22 വരെ പൊതുജനങ്ങൾക്ക് ബില്ലിന്മേൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ തൊഴിൽ മന്ത്രാലയം അവസരമൊരുക്കും. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പാസാക്കിയ തൊഴിൽ കോഡ് നിയമത്തിന്റെ ചുവടു പിടിച്ച് വേതനത്തിന്റെ നിർവചനം തന്നെ പുതിയ നിയമത്തിൽ മാറും. അലവൻസുകൾ ചേർത്ത് ശമ്പളം കണക്കാക്കുന്നതിലും മാറ്റങ്ങളുണ്ടാകും.