ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്റ്റ്ലിയുടെ വസതി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വീടിന്റെ ചുമരിലെ ജയ്റ്റ്ലിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ജയ്റ്റ്ലിയുടെ ഭാര്യ സംഗീത ജയ്റ്റ്ലി, മകൻ രോഹൻ, മകൾ സോണാലി എന്നിവരോടൊപ്പം 40 മിനിട്ടിലധികം ചെലവഴിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
അരുൺ ജയ്റ്റ്ലി മരിക്കുമ്പോൾ നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിലായിരുന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ മോദിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ഉടനേ ജയ്റ്റ്ലിയുടെ വസതിയിലെത്തിയത്. വിദേശ സന്ദർശനത്തിലായിരിക്കെ ജയ്റ്റ്ലിയുടെ കുടുംബാംഗങ്ങളുമായി മോദി സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ഔദ്യോഗിക പരിപാടികളിൽ മാറ്റംവരുത്തി വിദേശ പര്യടനം നിറുത്തിവയ്‌ക്കേണ്ടെന്ന് ജയ്റ്റ്ലിയുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.