national-

ന്യൂഡൽഹി : ബി. ജെ. പിയുടെ സമുന്നത നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലിയുടെ സംസ്‌കാരചടങ്ങ് ചാകരയ്‌ക്കുള്ള അവസരമാക്കിയ മോഷ്ടാക്കൾ എം. പിമാരുടേതടക്കം പതിനൊന്ന് മൊബൈൽ ഫോണുകൾ അടിച്ചു മാറ്റി.

ബി.ജെ.പി. എം.പിമാരായ ബാബുൽ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതടക്കമുള്ള ഫോണുകളാണ് നിഗംബോധഘട്ടിൽ നടന്ന ചടങ്ങിനിടെ മോഷണം പോയത്. പതഞ്ജലിയുടെ വക്താവായ എസ്. കെ. തിജാരവാലയാണ് ട്വിറ്ററിലൂടെ ആദ്യം ഇക്കാര്യം അറിയിച്ചത്. ഏറെ ദുഃഖിതനായി ജയ്‌റ്റ്‌ലിക്ക് വിട നൽകുന്ന ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയ ഫോണും തന്നോട് വിടപറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

തിജാരവാലയെ അനുകൂലിച്ച് ബാബുൽ സുപ്രിയോയുടെ ട്വീറ്റും വന്നു. മോഷണമല്ല പോക്കറ്റടിയാണ് നടന്നതെന്നും ഒരു കള്ളനെ കൈയോടെ പിടിച്ചെങ്കിലും അടിതെറ്റി വീണതിനാൽ മോഷ്ടാവ് രക്ഷപ്പെട്ടെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു. ഫോൺ പോക്കറ്റടിച്ചതായി നിരവധി പേർ തന്നോട് പരാതിപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്ത ടെലിവിഷന്റെ മേധാവി കൂടിയായ തിജാരവാല ചടങ്ങിന്റെ ചിത്രങ്ങളുൾപ്പെടെയാണ് തന്റെയും ബാബുൽ സുപ്രിയോ എം.പിയുടേയും മറ്റ് ഒമ്പത് പേരുടേയും ഫോണുകൾ നഷ്ടമായതിന്റെ പരാതി ട്വിറ്ററിൽ രേഖപ്പെടുത്തിയത്.

ആഭ്യന്തരമന്ത്രി അമിത് ഷായേയും ഡൽഹി പൊലീസിനേയും ടാഗ് ചെയ്തിട്ടുണ്ട്. ട്വീറ്റുകളിലൂടെ തന്റെ ഫോണിന്റെ നിലവിലെ ലൊക്കേഷനും ഇദ്ദേഹം സൂചിപ്പിക്കുന്നു. ട്വീറ്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.