kashmir
kashmir

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന് 370-ാം ഭരണഘടനാ വകുപ്പ് പ്രകാരം നൽകിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാൻ ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ഭരണഘടനാ ബെഞ്ച് ഒക്‌ടോബർ ആദ്യവാരം ഹർജികൾ പരിഗണിക്കും.

ജമ്മു കാശ്‌മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മാതാപിതാക്കളെ കാണാൻ ജാമിയ മിലിയ സർവകലശാലാ വിദ്യാർത്ഥി മുഹമ്മദ് അലീം സയ്യിദിനും കോടതി അനുമതി നൽകി. ജമ്മു കാശ്‌മീരിലെ മാദ്ധ്യമനിയന്ത്രണം സംബന്ധിച്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

പ്രത്യേക പദവി റദ്ദാക്കിയതും ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതും ചോദ്യം ചെയ്‌ത് സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്‌റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, എസ്.എ. നസീർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാർ വാദങ്ങൾ തള്ളിയാണ് ഭരണഘടനാ ബെഞ്ചിന് വിടാൻ തീരുമാനിച്ചത്. രാഷ്‌ട്രപതിയുടെ വിജ്ഞാപനം ചോദ്യം ചെയ്‌ത് അഭിഭാഷകനായ എം.എൽ. ശർമ്മയും സർക്കാർ തീരുമാനം പൗരൻമാരുടെ അവകാശങ്ങൾ ഇല്ലാതാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ കോൺഫറൻസ് പാർട്ടിയും ഹർജി നൽകിയിരുന്നു.

ശ്രീനഗറിൽ തടങ്കലിൽ കഴിയുന്ന സി.പി.എം നേതാവ് തരിഗാമിയെ കാണുക മാത്രമായിരിക്കണം കാശ്‌മീർ യാത്രയുടെ ലക്ഷ്യമെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങൾ പാടില്ലെന്നും മറിച്ചായാൽ കോർട്ടലക്ഷ്യമായി കണക്കാക്കുമെന്നും യെച്ചൂരിക്ക് കോടതി നിർദ്ദേശം നൽകി. തിരികെ എത്തിയ ശേഷം യാത്രയുടെ റിപ്പോർട്ട് കോടതിക്ക് നൽകണം. യെച്ചൂരിയുടെ സന്ദർശനം സംസ്ഥാനത്തെ സാഹചര്യങ്ങൾ വഷളാക്കുമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടതി തള്ളി. രാജ്യത്ത് ഒരു പൗരന് ഒരു സുഹൃത്തിനെ കാണാൻ തടസമെന്താണെന്ന് കോടതി ചോദിച്ചു. യെച്ചൂരിക്ക് സർക്കാർ അകമ്പടി ഏർപ്പാടാക്കാമെന്ന് മേത്ത പറഞ്ഞപ്പോൾ അതിന്റെ

ആവശ്യമില്ലെന്നും അദ്ദേഹം ഒറ്റയ്‌ക്ക് പൊയ്ക്കൊള്ളുമെന്നും കോടതി തിരിച്ചടിച്ചു.

വിദ്യാർത്ഥിയായ മുഹമ്മദ് അലീം സയ്യീദിന് അനന്ത്നാഗിലുള്ള മാതാപിതാക്കളെ കാണാൻ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും സയ്യീദും തിരിച്ചെത്തിയ ശേഷം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

വികസന മേൽനോട്ടത്തിന്

അഞ്ച് മന്ത്രിമാരുടെ സമിതി

ജമ്മു കാശ്‌മീരിലും ലഡാക്കിലും നടപ്പാക്കേണ്ട വികസന, സാമൂഹ്യ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയമമന്ത്രി രവിശങ്കർ പ്രസാദ്, സാമൂഹ്യ നീതി മന്ത്രി തൻവർചന്ദ് ഗെലോട്ട്, കൃഷി മന്ത്രി നരേന്ദ്ര തോമർ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പ്രധാനമന്ത്രിയുടെ ഒാഫീസ് ചുമതലയുള്ള ജിതേന്ദ്ര സിംഗ് എന്നിവരടങ്ങിയ മന്ത്രിതല സമിതി രൂപീകരിച്ചു. കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്ന ഒക്‌ടോബർ 31 മുതലാണ് സമിതിയും പ്രവർത്തനം തുടങ്ങുക.