rahul

ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുമാറ്റിയശേഷം കാശ്മീരിൽ ജനങ്ങൾ മരിച്ചുവീഴുകയാണെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ പാകിസ്ഥാൻ യു.എന്നിന് നൽകിയ കത്തിൽ ഉൾപ്പെടുത്തി . പാകിസ്ഥാൻ മനുഷ്യാവകാശ വകുപ്പു മന്ത്രി ഷിറീൻ മസാരി കഴിഞ്ഞ ദിവസം യു.എന്നിന് അയച്ച കത്തിലാണ് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കശ്മീരിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയെന്ന് പറഞ്ഞതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിന്റെ അമിതാധികാരം ഇല്ലാതാക്കിയതിനു ശേഷം ആഗോള തലത്തിൽ ഒറ്റപ്പെട്ടു പോയ പാകിസ്ഥാൻ അവസാന ശ്രമമെന്ന നിലയിലാണ് വീണ്ടും യുഎന്നിനെ സമീപിച്ചത്.

ഇതോടെ കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്ഥാൻ അടക്കമുള്ള വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്നും രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു. പല കാര്യങ്ങളിലും തനിക്ക് കേന്ദ്ര സർക്കാരിനോട് അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഒരു കാര്യം താൻ വ്യക്തമാക്കുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇതിൽ ഇടപടേണ്ടതില്ല. ജമ്മുവിലും കാശ്മീരിലും സംഘർഷമുണ്ടെന്നത് സത്യമാണ്. ആഗോളതലത്തിൽ ഭീകരതയുടെ പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയുമാണ് ഇത് നടക്കുന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

''കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ രീതിയെ എതിർക്കുക തന്നെ ചെയ്യുന്നു. എന്നാൽ കോൺഗ്രസിന്റെ ആ നിലപാടിനെ വളച്ചൊടിച്ച് പ്രയോജനം നേടാമെന്ന് പാകിസ്ഥാന് വിചാരക്കേണ്ട"- തരൂർ

''പാക് അധിനവേശ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ പാകിസ്ഥാൻ മറുപടി പറയണം"- രൺദീപ് സിംഗ് സുർജേവാല, കോൺഗ്രസ് നേതാവ്

''കാശ്മീരിൽ ആളുകൾ മരിക്കുന്നുവെന്ന് പ്രസ്താവനയിലൂടെ രാജ്യത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തി. കോൺഗ്രസും രാഹുലും മാപ്പ് പറയണം."- മന്ത്രി പ്രകാശ് ജാവഡേക്കർ

''രാഹുലിന്റെ രാഷ്ട്രീയത്തിലെ പ്രധാന പ്രശ്‌നം ആശയക്കുഴപ്പമാണ്. ഇന്ത്യയുടെ മതേതരത്വത്തന്റേയും സ്വതന്ത്ര ചിന്തയുടേയും പ്രതീകമായ രാഹുൽ തന്റെ മുത്തച്ഛനെ പോലെ നിലപാടെടുക്കണം"- പാക് ടെക്‌നോളജി മന്ത്രിയായ ഫവാദ് ഹുസൈൻ ചൗധരി