ന്യൂഡൽഹി: രാജ്യത്ത് 2021-2022 വർഷം പുതുതായി 75 സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. 15-ാം ധനകാര്യ കമ്മിഷൻ കാലത്ത് 24,375 കോടി രൂപ ചെലവിലാകും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുക.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിലവിലുള്ള ജില്ലാ, റഫറൽ ആശുപത്രികളോട് ചേർന്നാകും പുതിയ മെഡിക്കൽ കോളേജുകൾ. നിലവിൽ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത, 200 കിടക്കകളുള്ള ജില്ലാ ആശുപത്രികളുള്ള മേഖലകളിലാകും ഇവ സ്ഥാപിക്കുക. 300 ബെഡുള്ള ജില്ലാ ആശുപത്രികളുള്ള ജില്ലകൾക്ക് മുൻഗണന നൽകും. ജില്ലാതലങ്ങളിൽ ആശുപത്രികളുടെ നിലവാരം വർദ്ധിപ്പിക്കുക, സർക്കാർ തലത്തിലെ ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുക, മികച്ച നിലവാരമുള്ള മെഡിക്കൽ വിദഗ്ദ്ധരെ ലഭ്യമാക്കുക, ചുരുങ്ങിയ ചെലവിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
കേന്ദ്രസർക്കാർ ഒന്നാം ഘട്ടത്തിൽ അനുമതി നൽകിയ 58 മെഡിക്കൽ കോളേജുകളും രണ്ടാം ഘട്ടത്തിലെ 24 മെഡിക്കൽകോളേജുകളും പുതിയതായി അനുവദിച്ച 75 എണ്ണവും ചേരുമ്പോൾ രാജ്യത്ത് 15,700 എം.ബി.ബി.എസ് സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തിലെ 39 മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.