ന്യൂഡൽഹി: കൂടുതൽ നിക്ഷേപം ആകർഷിക്കാനും തൊഴിൽ സാദ്ധ്യതയും വളർച്ചയും ലക്ഷ്യമിട്ടും കൽക്കരി ഖനനത്തിലും കരാർ വ്യവസായത്തിലും നൂറു ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി.
വാർത്തകളും ആനുകാലിക സംഭവങ്ങളും അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റൽ മാദ്ധ്യമങ്ങളിൽ സർക്കാർ അനുമതിയോടെ 26 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. വിദേശ നിക്ഷേപമുള്ള ഏകബ്രാൻഡ് ചില്ലറ വ്യാപാര മേഖലയിൽ ഓൺലൈൻ കച്ചവടത്തിനും ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളിലും ഇളവ് നൽകാനും തീരുമാനിച്ചു.
സാമ്പത്തിക വളർച്ചയ്‌ക്ക് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭ നാല് മേഖലകളിൽ വിദേശ നിക്ഷപം ഉദാരമാക്കിയിരിക്കുന്നത്.
നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം കൽക്കരി ഖനനത്തിലും അനുബന്ധ മേഖലയിലും ബാധകമാണ്. പ്രമുഖ വിദേശ ഖനന കമ്പനികളെ ഇന്ത്യൻ കൽക്കരി മേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. വിദേശ നിക്ഷേപം അനുവദിക്കുന്ന കൽക്കരി സംസ്‌കരണ പ്ളാന്റുകൾക്ക് ഖനനത്തിനും സംസ‌്‌കരിച്ച കൽക്കരി നേരിട്ട് തുറന്ന വിപണിയിൽ വിൽക്കാനും അനുമതിയില്ല.
ചെറിയ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് കരാർ വ്യവസായ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നിക്ഷേപം നടത്തുന്ന കമ്പനിയോ, കരാർ കമ്പനി വഴിയോ ഇന്ത്യയിൽ കരാർ വ്യവസായം നടത്തണം. 51 ശതമാനം വിദേശ നിക്ഷേപമുള്ള ഏക ബ്രാൻഡ് റീട്ടെയിൽ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രാദേശിക സ്‌റ്റോറുകൾ തുടങ്ങാതെ ഓൺലൈൻ വില്പനയ്‌ക്ക് അനുമതി ലഭിക്കും. രണ്ടു വർഷത്തിനുള്ളിൽ സ്‌റ്റോറുകൾ തുടങ്ങിയാൽ മതി. ഇവ 30 ശതമാനം ഉത്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് ശേഖരിക്കുകയും ഇവിടെ വിൽക്കുകയും ചെയ്യണമെന്ന ചട്ടത്തിലും ഇളവു വരുത്തി. കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങളെയും 30 ശതമാനത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. അന്യ കമ്പനികൾ വഴിയുള്ള കയറ്റുമതിയും അനുവദിക്കും.
ടിവി ചാനലുകളിൽ സർക്കാർ അനുമതിയോടെ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച തീരുമാനത്തിന്റെ തുടർച്ചയായാണ് വാർത്തകളും ആനുകാലിക പരിപാടികളും അപ്‌ലോഡ് ചെയ്യുന്ന ഡിജിറ്റൽ മാദ്ധ്യമ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചത്. നിലവിൽ അച്ചടി മാദ്ധ്യമങ്ങളിലും 26 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്.