raveesh

 പാക് മിസൈൽ പരീക്ഷണം അറിയിച്ചു

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ സംഭവവികാസങ്ങളോടുള്ള പാക് നേതാക്കളുടെ പ്രകോപനപരമായ നിലപാട് നിരുത്തരവാദപരവും അപലപനീയവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗുജറാത്തിലെ കച്ചിൽ പാക് കമാൻഡോകൾ നുഴഞ്ഞു കയറിയതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും രാജ്യം ഏതു സാഹചര്യം നേരിടാനും തയ്യാറാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

നല്ല അയൽക്കാരായി പെരുമാറാൻ പാകിസ്ഥാൻ തയ്യാറാവണം. ഇന്ത്യയിൽ ജിഹാദ് നടത്തുമെന്ന പാക് മന്ത്രിയുടെ പ്രസ്‌താവന യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെയാണ്. ജമ്മുകാശ്‌മീരിനെക്കുറിച്ച് തെറ്റായ ചിത്രം നൽകാനാണ് ശ്രമം. കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാന്റെ വാചകമടിയിൽ കഴമ്പില്ലെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്വതയോടെയാണ് ഇന്ത്യ കാശ്‌മീരിലെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. പാകിസ്ഥാൻ യു.എന്നിന് നൽകിയ കത്തിനെ ഇന്ത്യ തള്ളുന്നു.

ഭീകരത പാകിസ്ഥാന്റെ ദേശീയ നയമാണ്. ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ സഹായിക്കുന്നു. പാക് മിസൈൽ പരീക്ഷണത്തെക്കുറിച്ച് അറിയിച്ചിരുന്നു. എന്നാൽ വ്യോമപാത അടയ്‌ക്കുന്നതിന്റെ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും രവീഷ്‌കുമാർ ചൂണ്ടിക്കാട്ടി.