ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പി. ചിദംബരത്തിന്റെ ഹർജിയിൽ സുപ്രീംകോടതി സെപ്തംബർ അഞ്ചിന് തീരുമാനമെടുക്കും. അതുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് ആർ. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി. സെപ്തംബർ 2വരെ ചിദംബരം സി.ബി.ഐ കസ്റ്റഡിയിൽ തുടരും. റിമാൻഡിനെതിരായ ഹർജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.
ചിദംബരത്തിനെതിരായി ശേഖരിച്ച തെളിവുകൾ മൂന്ന് ദിവസത്തിനുള്ളിൽ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയ്ക്ക് കൈമാറാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിർദേശിച്ചു. ഇത് പരിശോധിച്ച ശേഷമായിരിക്കും ഹർജിയിൽ തീരുമാനമെടുക്കുക.
ചോദ്യങ്ങളോട് ചിദംബരം സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത ഇന്നലെയും വാദിച്ചു. ഐ.എൻ.എക്‌സ് മീഡിയ കേസിലെ ബാക്കി എല്ലാ പ്രതികളും സാധാരണ നടപടിക്രമമനുസരിച്ചാണ് ജാമ്യം തേടിയതെന്നും ആർക്കും മുൻകൂർജാമ്യം നൽകിയിട്ടില്ലെന്നുമായിരുന്നു വാദം. ചോദ്യം ചെയ്യലിന്റെ രേഖകളും അതിന് ചിദംബരം നൽകിയ മറുപടികളും എൻഫോഴ്സ്‌മെന്റിനോട് ഹാജരാക്കാൻ നിർദേശിക്കണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിംഗ്‌വിയും ആവശ്യപ്പെട്ടു.