ന്യൂഡൽഹി: ആരോഗ്യമുള്ള ഇന്ത്യൻ ജനതയെ വാർത്തെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്'. ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിറ്റ്‌നെസ് ലോഗോ പ്രകാശനം ചെയ്ത പ്രധാനമന്ത്രി ഫിറ്റ്‌നെസ് പ്രതിജ്ഞ ചൊല്ലി.
വിജയത്തിന്റെ പടികൾ താണ്ടണമെങ്കിൽ ആരോഗ്യം വേണമെന്നും ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മനസും അങ്ങനെ തന്നെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരെ മടിയന്മാരാക്കി മാറ്റി. ജനങ്ങൾ നടത്തം നന്നേ കുറച്ചു. ആരോഗ്യത്തെക്കിച്ച് സംസാരിക്കുന്നവർ പലപ്പോഴും തീൻമേശയിൽ അത് പാലിക്കാറില്ല. 'സ്വച്ഛ് ഭാരത്' ക്യാംപെയിൻ പോലെ 'ഫിറ്റ് ഇന്ത്യ മൂവ്‌മെന്റും" സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു
കേന്ദ്ര മന്ത്രിമാരും സ്‌കൂൾ വിദ്യാർഥികളും പ്രമുഖരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെയടക്കം നിരവധി സ്‌കൂളുകളിലും കോളേജുകളും പരിപാടിയുടെ ലൈവ് ടെലികാസ്റ്റിംഗ് നടത്തി.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ ഈ മാസം 25നാണ് പദ്ധതിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ലോക ബാഡ്മിന്റൺ ജേതാവ് പി.വി.സിന്ധു, അത്‌ലറ്റ് ഹിമാ ദാസ്, ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ പദ്ധതിയുടെ പ്രചാരണത്തിൽ പങ്കാളികളായി.