ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) നിക്ഷേപങ്ങൾക്ക് 2018-2019 സാമ്പത്തിക വർഷം 8.65ശതമാനം പലിശ നൽകുന്ന ഉത്തരവ് ഉടൻ ഇറക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ പറഞ്ഞു.
8.65ശതമാനം പലിശ നൽകാൻ ഹൈദരാബാദിൽ ചേർന്ന ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗീകാരം നൽകിയിരുന്നു. കേന്ദ്ര തൊഴിൽ മന്ത്രാലയവും ആദായ നികുതി വകുപ്പും ഉത്തരവിറക്കുന്ന മുറയ്ക്കാണ് ഉപഭോക്താക്കളുടെ പലിശ നിരക്കിൽ ഇ.പി.എഫ്.ഒ മാറ്റം വരുത്തുക. 2017-18 വർഷത്തെ 8.55 ശതമാനം നിരക്കിലാണ് നിലവിൽ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്.
8.65ശതമാനം പലിശ നൽകാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് തീരുമാനിച്ചതാണ്. എന്നാൽ സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ 8.55ശതമാനം പലിശ തുടരണമെന്ന് ധനമന്ത്രാലയം നിർബന്ധം പിടിച്ചു. ധനമന്ത്രി നിർമ്മലാ സീതാരാമനും തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാറും തമ്മിൽ നടത്തിയ ചർച്ചയിലാണ് തർക്കം പരിഹരിച്ചത്.
2015-16 വർഷം ഇ.പി.എഫ് നിക്ഷേപങ്ങൾക്ക് 8.8ശതമാനമായിരുന്നു പലിശ. പിന്നീടുള്ള വർഷങ്ങളിൽ അത് 8.65 ശതമാനമായും(2016-2017), 8.55ശതമാനമായും(2017-2018) കുറഞ്ഞു. മൂന്നു വർഷത്തിനു ശേഷമാണ് ഇപ്പോൾ പലിശ നിരക്കിൽ വർദ്ധന.