10 ബാങ്കുകൾ ലയിച്ച് നാലാകും
വാണിജ്യ ബാങ്കുകൾ ഇനി 12
ന്യൂഡൽഹി: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തേജക നടപടികളുടെ ഭാഗമായി പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാല് വലിയ ബാങ്കുകളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറയും. ഒന്നാം മോദി സർക്കാർ വരും മുൻപ് 27 പൊതുമേഖലാ ബാങ്കുകൾ ഉണ്ടായിരുന്നു.
ബാങ്ക് ദേശസാൽക്കരണത്തിന് ശേഷം സ്വതന്ത്ര ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ പരിഷ്‌കാരമാണിത്.
റിസർവ് ബാങ്കും ബാങ്ക് ഡയറക്‌ടർ ബോർഡുമായും നടത്തുന്ന ചർച്ചകൾക്ക് ശേഷം കേന്ദ്ര സർക്കാർ ലയനം നടപ്പാക്കുന്ന തീയതി തീരുമാനിക്കും.
വായ്പാ തട്ടിപ്പും മറ്റ് ക്രമക്കേടുകളും തടയാൻ ബാങ്കുകളിൽ ചീഫ് റിസ്‌ക് ഒാഫീസറെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്താൻ ബാങ്ക് ബോർഡ് കമ്മിറ്റി ശക്തിപ്പെടുത്താനുള്ള നിരവധി നടപടികളും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയെയും ഗ്രൂപ്പ് ബാങ്കുകളെയും ലയിപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വൻ ലയന പദ്ധതിയാണ് ഇന്നലത്തേത്. അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കാൻ ലയനം സഹായിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. കഴിഞ്ഞ വർഷം ബാങ്ക് ഒാഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് ബാങ്കുകളെയും ലയിപ്പിച്ചിരുന്നു.
ലയന ലക്ഷ്യങ്ങൾ
ആഗോള തലത്തിൽ കിടപിടിക്കാൻ ശക്തമായ ബാലൻസ് ഷീറ്റുള്ള ബാങ്കുകളുടെ സൃഷ്‌ടിക്കുക
ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുക
പ്രവർത്തനം കൂടുതൽ ശക്തവും സുതാര്യവുമാക്കുക
വായ്‌പാ വിതരണം കൂട്ടുക
കിട്ടാക്കടം കുറയ്ക്കുക
കിട്ടാക്കട പ്രതിസന്ധി മാറ്റാൻ ബാങ്കുകൾക്ക് മൂലധന സഹായമായി കേന്ദ്രം വൻ തുക നൽകുന്നുണ്ട് ഈ ബാദ്ധ്യത കുറയ്‌ക്കുക
ബാങ്ക് ബോർഡിന്റെ അധികാരങ്ങൾ
എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും നോൺ എക്‌സിക്യൂട്ടിവ് ചെയർമാൻ
.ബാങ്കുകളുടെ ബോർഡുകൾ വിപുലമായ അധികാരങ്ങൾ നൽകി പുനഃസംഘടിപ്പിക്കും
ജി. എം മുതൽ എം. ഡി വരെയുള്ളവരുടെ പ്രവർത്തനമികവും പ്രകടനവും ബോർഡ് വിലയിരുത്തും
ബിസിനസ് മേധാവിയായി സി. ജി. എമ്മിനെ നിയമിക്കാം
ജി. എം മുതൽ മുകളിലോട്ടുള്ളവർക്ക് കുറഞ്ഞത് രണ്ട് വർഷം കാലാവധി
അനൗദ്യോഗിക ഡയറക്‌ടർമാരുടെ ശമ്പളം തീരുമാനിക്കാം
വായ്പാ തട്ടിപ്പ് അടക്കം തടയാൻ ചീഫ് റിസ്‌ക് ഓഫീസറെ നിയമിക്കാം
വലിയ ബാങ്കുകളിൽ എക്‌സിക്യൂട്ടിവ് ഡയറക്ടർമാരുടെ എണ്ണം നാലായി ഉയർത്തും
ലയിക്കുന്ന ബാങ്കുകൾ
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക് എന്ന ഖ്യാതിയോടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ ഒാറിയന്റൽ ബാങ്ക് ഒാഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യയും ലയിക്കുമ്പോൾ 17.94 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഒരു കുടക്കീഴിലാകുക. ആകെ ശാഖകൾ: 11,437
ദക്ഷിണേന്ത്യയിലെ പ്രമുഖ ബാങ്കായ കാനറാ ബാങ്ക് മറ്റൊരു പ്രമുഖ ബാങ്കായ സിൻഡിക്കേറ്റ് ബാങ്കുമായി ചേരുമ്പോൾ 15.20 ലക്ഷം കോടി രൂപയുടെ ബിസിനസുമായി രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാവും.
ആകെ ശാഖകൾ: 10,342.
യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവ ഒന്നിക്കുമ്പോൾ 14.6 ലക്ഷം കോടി രൂപയുമായി ബിസിനസിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരും. പുതിയ ബാങ്കിന് യൂണിയൻ ബാങ്കിന്റെ രണ്ടിരട്ടി വലിപ്പം. ആകെ ശാഖകൾ: 9,609
ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ സംയുക്ത ബിസിനസ് 8.08ലക്ഷം കോടിയായിരിക്കും. ദക്ഷിണ, വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങളിൽ സാന്നിദ്ധ്യം.
ഈ പത്ത് ബാങ്കുകൾ ലയിക്കുമ്പോൾ അഖിലേന്ത്യാ സാന്നിദ്ധ്യമുള്ള ബാങ്ക് ഒാഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഇന്ത്യയും അതേപടി തുടരും. പ്രാദേശികമായി ശക്തമായ സാന്നിദ്ധ്യമുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒാഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയും അതത് പ്രദേശങ്ങളിൽ തുടരും.