പാർട്ടി വിടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രി പദത്തിനൊപ്പം പി.സി.സി പ്രസിഡന്റ് സ്ഥാനവും വഹിക്കുന്ന കമൽനാഥിനെതിരെ പാർട്ടിയിലെ പ്രമുഖരായ ദിഗ്‌വിജയ് സിംഗും ജ്യോതിരാദിത്യ സിന്ധ്യയും കലാപക്കൊടി ഉയർത്തുന്നത് കോൺഗ്രസ് ഹൈക്കമാൻഡിന് വെല്ലുവിളിയാകുന്നു. ഇന്നലെ ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട കമൽനാഥ് പി.സി.സി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു. അതേസമയം സംസ്ഥാന ഘടകത്തിൽ പ്രശ്‌നങ്ങളില്ലെന്നും ഉടൻ പുനഃസംഘടന നടക്കുമെന്നും ഹൈക്കമാൻഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരം ലഭിച്ചെങ്കിലും തുടർന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയേറ്റ ശേഷം മദ്ധ്യപ്രദേശ് ഘടകത്തിലെ വിള്ളൽ മറനീക്കി പുറത്തു വന്നിരുന്നു. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്ന ദിഗ്‌വിജയ് സിംഗും ജ്യോതിരാദിത്യസിന്ധ്യയുമാണ് കമൽനാഥിന്റെ നേതൃത്വത്തെ ചോദ്യം ചെയ്‌ത് രംഗത്തുള്ളത്. ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന സിന്ധ്യയുടെ ആവശ്യവും നിരാകരിക്കപ്പെട്ടു.
ഒരാൾക്ക് ഒറ്റ പദവി എന്ന തത്ത്വം ഉൾക്കൊണ്ട് കമൽനാഥ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവയ‌്ക്കണമെന്ന് ഇവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച കമൽനാഥ് പക്ഷ മുൻ പ്രതിപക്ഷ നേതാവും അർജുൻ സിംഗിന്റെ മകനുമായ അജയ് സിംഗിനെ പിൻഗാമിയാക്കാൻ ശ്രമിക്കുന്നുണ്ട്. ദിഗ്‌വിജയ് സിംഗ് പക്ഷവും അജയ് സിംഗിന് പിന്തുണ നൽകുന്നു. ഇതിൽ പ്രകോപിതനായാണ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിടുമെന്ന ഭീഷണി മുഴക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണയിലെ സിറ്റിംഗ് സീറ്റിൽ പരാജയപ്പെട്ട സിന്ധ്യ സംസ്ഥാന രാഷ്‌ട്രീയത്തിൽ ശക്തമായി തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ചില ബി.ജെ.പി നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടെന്ന വാർത്തയും പ്രചരിച്ചു. സിന്ധ്യയെ വലയിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി നേരത്തെയും വാർത്ത വന്നിരുന്നു. സംസ്ഥാനത്ത കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന നീക്കളുടെ ഭാഗമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. സിന്ധ്യ നിലവിൽ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനാണ്.
സംസ്ഥാന ഘടകത്തിലെ പടലപ്പിണക്കം രൂക്ഷമാകും മുമ്പ് പരിഹരിക്കാനാണ് ഹൈക്കമ്മാൻഡ് നീക്കം. സിന്ധ്യയെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നുണ്ട്. പ്രശ്‌നങ്ങളില്ലെന്നും ഉടൻ എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ഉടൻ പുന:സംഘടനയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു.