ന്യൂഡൽഹി : മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലുള്ള ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്ക് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം.
തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് മണികുമാർ 22 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2004ൽ കേന്ദ്ര സർക്കാരിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായും പ്രവർത്തിച്ചു. 2006 ജൂലായിൽ മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്ജായി നിയമിതനായി. 2009 നവംബർ മുതൽ മദ്രാസ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ കൊളീജിയം നിയമിച്ച മറ്റ് ചീഫ് ജസ്റ്റിസുമാർ : ജസ്റ്റിസ് വിക്രം നാഥ് - ഗുജറാത്ത് ഹൈക്കോടതി, ജസ്റ്റിസ് ജെ. കെ മഹേശ്വരി - ആന്ധ്രപ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് അജയ് ലാംബ - ഗോഹട്ടി ഹൈക്കോടതി, ജസ്റ്റിസ് രവിശങ്കർ ഝാ - പഞ്ചാബ് - ഹരിയാന ഹൈക്കോടതി, ജസ്റ്റിസ് എൽ നാരായണ സ്വാമി - ഹിമാചൽ പ്രദേശ് ഹൈക്കോടതി, ജസ്റ്റിസ് ഇന്ദർജീത് മൊഹന്തി - രാജസ്ഥാൻ ഹൈക്കോടതി, ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി - സിക്കിം ഹൈക്കോടതി