രജിസ്റ്ററിൽ 3,11,21,004 പേർ
പുറത്തായത് 19,06,657 പേർ
അപ്പീലിന് 120 ദിവസം
ന്യൂഡൽഹി:അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കി അസാമിലെ അന്തിമ ദേശീയ പൗരത്വ രജിസ്‌റ്റർ ഇന്നലെ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചു. ഇവർക്ക് പൗരത്വം സ്ഥാപിച്ചു കിട്ടാനായി വിദേശികൾക്കുള്ള ട്രൈബ്യൂണലിനെയും തുടർന്ന് കോടതികളെയും സമീപിക്കാം. അപ്പീലുകൾ തള്ളിയാൽ മറ്റെങ്ങോട്ടും പോകാനാവാതെ പൗരന്മാരുടെ അവകാശങ്ങളില്ലാതെ ഇവർക്ക് അസാമിൽ അന്യരായി കഴിയേണ്ടി വരും. ഇപ്പോഴത്തെ ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരാണ് ഇവരിലേറെയും.
പൗരത്വ രജിസ്റ്ററിലേക്ക് 2015 മേയ് മുതൽ ആഗസ്റ്റ് 31 വരെ അപേക്ഷിച്ച 3,30,27,661പേരിൽ 19,06,657 പേരെയാണ് ഒഴിവാക്കിയത്. അസാമിൽ വേരുകളുണ്ടെന്ന് വ്യക്തമായ 3,11,21,004 പേരെ രജിസ്റ്ററിൽ ഉൾപ്പെടുത്തി.
2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് രജിസ്റ്ററിൽ അസാമിൽ താമസിക്കുന്ന 40 ലക്ഷത്തോളം ആളുകൾ പുറത്തായിരുന്നു. അതിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്തിമ രജിസ്റ്റർ തയ്യാറാക്കിയത്. പുറത്തായ 40 ലക്ഷത്തിൽ 36,26,630 പേർ വീണ്ടും അപേക്ഷിച്ചെങ്കിലും 19ലക്ഷം പേർ പുറത്താവുകയായിരുന്നു.
കുടിയേറ്റക്കാർക്കെതിരെ അസാം വിദ്യാർത്ഥി യൂണിയൻ ആറുവർഷം നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കാൻ 1985ൽ കേന്ദ്രസർക്കാർ ഒപ്പിട്ട അസാം കരാറിലെ വ്യവസ്ഥയാണ് പൗരത്വ രജിസ്റ്ററിന് ആധാരം. കരാർ പ്രകാരം 1971 മാർച്ച് 24 അർദ്ധരാത്രിയാണ് കുടിയേറ്റക്കാരെ നിർണയിക്കാനുള്ള കട്ടോഫ് തീയതി. അതിന് ശേഷം എത്തിയവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കണം. 1971 മാർച്ച് 24ന് വോട്ടർ പട്ടികയിലോ സമാനമായ രേഖകളിലോ പേരുണ്ടായിരുന്നവരും അവരുടെ പിന്മുറക്കാരും രജിസ്റ്ററിൽ ഇടം നേടി.
ഇന്നലെ രാവിലെ 10 മണിക്കാണ് www.nrcassam.nic.in എന്ന വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിച്ചത്. അക്ഷയ കേന്ദ്രങ്ങളിൽ പട്ടിക പരിശോധിക്കാനുള്ളവരുടെ നീണ്ട നിര കാണാമായിരുന്നു.
പുറത്തായവരെ ഉടൻ വിദേശികളായി പ്രഖ്യാപിക്കില്ല
നിയമവഴികൾ അടയുന്നതു വരെ ആരെയും തടവിലാക്കില്ല
ഇവർക്ക് ജില്ലാ ലീഗൽ സർവീസ് അതോറിട്ടികളുടെ നിയമസഹായം
ഇന്ത്യൻ പൗരത്വം തെളിയിക്കാൻ എല്ലാ നിയമ വഴികളും സ്വീകരിക്കാം.
120 ദിവസത്തിനകം ഫോറിൻ ട്രൈബ്യൂണലിൽ അപ്പീൽ നൽകാം.
ട്രൈബ്യൂണലുകൾ ആറ് മാസത്തിനകം തീർപ്പുണ്ടാക്കണം
ട്രൈബ്യൂണൽ തള്ളിയാൽ ഹൈക്കോടതി, സുപ്രീകോടതി
പരാതികൾക്ക് ഇപ്പോൾ നൂറ് ഫോറിൻ ട്രൈബ്യൂണലുകൾ
ഈ മാസം 200 എണ്ണം കൂടി തുടങ്ങും
ക്യാമ്പുകൾ നിറയും
പുറത്തായ 19 ലക്ഷം പേർക്ക് ബംഗ്ളാദേശിലേക്ക് തിരികെ പോകാനാകില്ല. അപ്പീൽ തള്ളിയാൽ ഇവർ ഇന്ത്യയിൽ അനധികൃത കുടിയേറ്റക്കാരാകും. ഇവരെ പാർപ്പിക്കാൻ ഡിറ്റൻഷൻ കേന്ദ്രങ്ങൾ തുറക്കുക സർക്കാരിന് വെല്ലുവിളിയാകും. നിലവിൽ ആറ് കേന്ദ്രങ്ങളുണ്ട്. 3000 പേർക്കുള്ള ഒരു കേന്ദ്രം ഉടൻ തുറക്കുമെങ്കിലും അത് മതിയാകില്ല. വോട്ടവകാശം ഇല്ലാത്ത ഇവർക്ക് സർക്കാർ നൽകുന്ന രേഖകളുമായി ജോലിയെടുത്ത് ജീവിക്കാം.
5 വർഷം, 1,220കോടി
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അഞ്ച് വർഷമായി നടന്ന പൗരത്വ രജിസ്റ്റർ പുതുക്കലാണ് പൂർത്തിയായത്. 2013ലാണ് പുതുക്കൽ തുടങ്ങിയത്. ആഗസ്‌റ്റ് 31ന് മുമ്പ് രജിസ്റ്റർ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. 52,000 സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രക്രിയയ്‌ക്ക് 1,220 കോടി രൂപയാണ് ചെലവായത്.