train-

ന്യൂഡൽഹി: റെയിൽവെ സർവീസ് ചാർജുകൾ പുനഃസ്ഥാപിക്കാൻ മന്ത്രാലയം തീരുമാനിച്ചതനുസരിച്ച് ഐ.ആർ.സി.ടി.സി വഴിയുള്ള ഇ - ടിക്കറ്റുകൾക്ക് ഇന്നു മുതൽ നിരക്ക് വർദ്ധിക്കും. ഫസ്റ്റ് ക്ലാസ് ഉൾപ്പെടെ എ.സി ക്ലാസുകൾക്ക് 30 രൂപയും മറ്റു ക്ലാസുകൾക്ക് 15 രൂപയുമാണ് സർവീസ് ചാർജ്. പുറമേ ജി.എസ്.ടിയും.

കറൻസിരഹിത പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു വർഷം മുമ്പാണ് റെയിൽവേ സേവന നിരക്കുകൾ പിൻവലിച്ചത്. അതുവരെ എ.സി ടിക്കറ്റിന് 40 രൂപയും മറ്റു ടിക്കറ്റുകൾക്ക് 20 രൂപയുമായിരുന്നു സർവീസ് ചാർജ്. ഓൺലൈൻ ടിക്കറ്റുകൾക്ക് സേവന നിരക്ക് പുനഃസ്ഥാപിക്കാൻ ഈ മാസം ആദ്യം റെയിൽവേ ബോർഡ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐ.ആർ.സി.ടി.സി.) അനുമതി നൽകിയിരുന്നു. സർവീസ് ചാർജുകൾ ഒഴിവാക്കിയത് താത്കാലികമായിരുന്നെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. സേവന നിരക്കുകൾ നിർത്തലാക്കിയ ശേഷം, 2016 - 1 7 സാമ്പത്തിക വർഷം ഐ.ആർ.സി.ടി.സിയുടെ ഇ- ടിക്കറ്റിംഗ് വരുമാനത്തിൽ 26 ശതമാനം ഇടിവു വന്നതായും റെയിൽവേ പറയുന്നു.