കൊച്ചി : മഴ മാറി വരണ്ട കാലാവസ്ഥയെത്തിയതോടെ അന്തരീക്ഷ മലിനീകരണവും രൂക്ഷമായ പൊടിശല്യവും ജില്ലയുടെ വിവിധ പ്രദേശങ്ങളെ അപായ മേഖലയാക്കുന്നതായി സംസ്ഥാന മലീനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് റിപ്പോർട്ടിലുണ്ട്.
കൊച്ചിയിലെ മെട്രോ, ഫ്ലൈ ഓവർ നിർമ്മാണങ്ങളുൾപ്പെടെ വികസന പ്രവർത്തനങ്ങൾ കൂനിന്മേൽ കുരുവായി. വെെറ്റില ജംഗ്ഷനും സമീപ പ്രദേശങ്ങളിലും പൊടിശല്യം അതീവഗുരുതരമാണ്.
അന്തരീക്ഷത്തിൽ സൂക്ഷ്മ കണങ്ങളായ പി.എം 2.5, പി.എം 10 എന്നിവയുടെ സാന്നിദ്ധ്യം കൂടുതലാണ്. വായുമലിനീകരണം നിർണയിക്കുന്നത് രണ്ട് കണങ്ങളുടെയും സാന്നിദ്ധ്യത്തെ അടിസ്ഥാനമാക്കിയാണ്. 24 മണിക്കൂറിൽ ഒരു ഘനയടി വായുവിൽ നൂറ് മൈക്രോണാണ് പി.എം 10 ന്റെ അനുവദനീയ അളവ്. പി.എം 2.5 ൽ 60 മൈക്രോണും. കൊച്ചിയിലും അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മേഖലകളിലും രണ്ടു മുതൽ 5 ഇരട്ടി വരെ അതിസൂക്ഷ്മകണങ്ങൾ വായുവിലുണ്ട്.
# വരണ്ട കാലാവസ്ഥ വില്ലൻ
നിർമ്മാണ പ്രവർത്തനങ്ങൾ, ക്വാറികൾ, മണ്ണെടുപ്പ്, റോഡുകൾ വെട്ടിക്കീറൽ തുടങ്ങിയവയാണ് പൊടിപടലം വർദ്ധിപ്പിക്കുന്നത്.
# ജീവനും ഭീഷണി
ആസ്തമ, അലർജി, ശ്വാസകോശാർബുദം, ചുമ, കഫക്കെട്ട്, ശ്വാസതടസം, നെഞ്ചുവേദന, കണ്ണുകളിൽ അസ്വസ്ഥത തുടങ്ങിയവ രൂക്ഷമാവും. കുട്ടികളെയും മുതിർന്നവരെയും ഗർഭിണികളേയും കൂടുതൽ ബാധിക്കും.
# പൊടിയുടെ തോത്
ഏലൂർ : 128
എറണാകുളം സൗത്ത് : 157
എം.ജി.റോഡ് : 170
കളമശേരി : 138
വൈറ്റില : 170
അങ്കമാലി : 111
പെരുമ്പാവൂർ : 127
മൂവാറ്റുപുഴ : 118
"ആസ്തമ, അലർജി രോഗികളുടെ എണ്ണത്തിൽ മൂന്നിരട്ടിയോളം വർദ്ധനവുണ്ട്. പൊടി അലർജിയും ശ്വാസം മുട്ടുലുമുണ്ടാക്കും. മുഖവാരണം ധരിച്ചു യാത്ര ചെയ്യുക.''
ഡോ.എ.എസ്.കൃഷ്ണ
പൾമണോളജി വിഭാഗം മേധാവി
കൃഷ്ണ ഹോസ്പിറ്റൽ എറണാകുളം
# പർട്ടിക്കുലേറ്റ് മാറ്റർ
അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ജലകണികകളും ചേർന്ന് രൂപം കൊള്ളുന്ന മലിനകണങ്ങളാണ് പാർട്ടിക്കുലേറ്റ് മാറ്റർ അഥവാ പൊല്യൂഷൻ പാർട്ടിക്കിൾ. പി.എം 2.5 കണങ്ങൾ അടങ്ങുന്ന വായു ശ്വസിക്കുന്നത് ഹൃദയത്തിനും ശ്വാസകോശങ്ങൾക്കും ദോഷമാകും. പി.എം 2.5 കണങ്ങൾ ആരോഗ്യത്തിന് ഭീഷണിയാണ്.