പിറവം : തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണത്തൂർ - മാറാടി റോഡ് തകർന്നടിഞ്ഞു. അഞ്ച് വർഷമായി ടാറിംഗ് നടത്താതെ ഇട്ടിരുന്ന റോഡ് മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയി. നിറയെ കുണ്ടുകളും കുഴികളുമായി ഇതിലൂടെയുള്ള യാത്ര അതീവ ദുരിതമായി. മണ്ണത്തൂർ, വാളിയപ്പാടം, തിരുമാറാടി മേഖലകളിൽ ഉള്ളവർക്ക് മൂവാറ്റുപുഴയെത്തണമെങ്കിൽ പെടാപ്പാടാണ്.
കൊച്ചി രാജാവ് നൂറ്റാണ്ടുകൾക്ക് മുമ്പ് പണികഴിപ്പിച്ചതാണ് റോഡ്. കൊച്ചിയിൽ നിന്ന് മൂവാറ്റുപുഴയ്ക്കെത്താൻ നിർമ്മിച്ച ഈ റോഡിൽ ഏറെ വളവുകളും ഒരു വശത്ത് അഗാധമായ താഴ്ചയുമുണ്ട്. ഇപ്പോൾ പ്രതാപമെല്ലാം നഷ്ടപ്പെട്ട ഈ റോഡിൽ മണ്ണത്തൂർമുതൽ പാറത്തട്ട് വരെയുള്ള ഭാഗത്ത് കാൽനടയാത്രപോലും ദുസഹമായി.
# റോഡ് തകർന്നിട്ട് പതിറ്റാണ്ടായി
പത്തു വർഷത്തോളമായി റോഡിന്റെ ഈ ഭാഗം തകർന്നുകിടക്കാൻ തുടങ്ങിയിട്ട്. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന ഈ റോഡിൽ മാറാടി മുതൽ പാറത്തട്ടുവരെയുള്ള ഭാഗം എൽദോ എബ്രഹാം എം.എൽ.എ യുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞവർഷം നന്നാക്കിയെങ്കിലും മഴപെയ്താൽ ഇപ്പോഴും പലേടത്തും വെള്ളക്കെട്ടാണ്. ബാക്കിയുള്ള ഭാഗം നന്നാക്കി കിട്ടാൻ മുൻകൈയെടുക്കാൻ ജനപ്രതിനിധികൾക്കും താത്പര്യമില്ലെന്നാണ് ആക്ഷേപം.
# അഞ്ചുകിലോമീറ്ററിൽ ദുരിതയാത്ര
റോഡിന്റെ അഞ്ചു കിലോമീറ്ററോളം വരുന്ന ഭാഗം ടാറിംഗ് ഇളകി വെള്ളപ്പൊക്കത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാലങ്ങളായി അവഗണിക്കപ്പെട്ട ഇവിടം വാളിയപ്പാടം – മാറാടി റോഡിന്റെ ഭാഗമാണ്. എൻജിനിയറിംഗ് കോളേജും ആർക്കിടെക്ചർ കോളേജും ഫാർമസി കോളേജും സ്ഥിതിചെയ്യുന്ന ഈറ്റാപ്പിള്ളി ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ പോലും കടന്നുപോകുന്നത് ഏറെ പാടുപെട്ടാണ്. കാൽനട യാത്രക്കാരുടെ കാര്യം പറയാനുമില്ല.
# ഭാരവാഹനങ്ങൾ വില്ലൻ
മണ്ണത്തൂർ- നാവോളിമറ്റം മേഖലയിലെ കരിങ്കൽക്വാറികളിൽ നിന്നുള്ള ടിപ്പർ ലോറികളുടെയും ടോറസുകളുടെയും ഇടതടവില്ലാത്ത ഓട്ടമാണ് റോഡിനെ തകർത്ത് തരിപ്പണമാക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കുഴികളിലെല്ലാം ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടവും നിത്യസംഭവമാണ്. ഇരുചക്ര, മുച്ചക്ര വാഹനയാത്രക്കാർ പെടാപ്പാട് പെടുകയാണ്. വാളിയപ്പാടത്തു നിന്നാരംഭിക്കുന്ന റോഡിന്റെ നാവോളിമറ്റം വരെയുള്ള ഭാഗം രണ്ടുവർഷം മുൻപ് റീടാർ ചെയ്തതും പൊളിഞ്ഞിളകിത്തുടങ്ങി.
# പാറത്തട്ട് വരെ കാൽനടയാത്രയും അസാദ്ധ്യം
# മണ്ണത്തൂർ, വാളിയപ്പാടം, തിരുമാറാടിക്കാർക്ക് ദുരിതം