cardamom

ഇടപ്പള്ളി: ഏലം വില റെക്കാഡ് ഭേദിക്കുമ്പോഴും ഉത്പാദനത്തിലുണ്ടായ വൻ കുറവ് കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയിൽ വലിയ തിരിച്ചടിയായി. ഏലത്തിന് 218.56കോടി രൂപയുടെയും കുരുമുളകിന് 249.13 കോടിയുടെയും കുറവുണ്ടായി.

അന്താരാഷ്ട്ര വിപണിയിൽ ചെറിയ ഏലക്കയുടെ പ്രിയം കൂടിയതുമൂലം വില കുതിച്ചുകയറുകയാണ്. ശനിയാഴ്ച വില കിലോ 7,000 രൂപയിലെത്തി. സ്പൈസസ് ബോർഡിന്റെ പുറ്റടി ലേല കേന്ദ്രത്തിലാണ് റെക്കാഡ് വിലയിൽ വില്പനയുണ്ടായത്. ശരാശരാശരി വിലയും റെക്കാഡ് കുറിച്ചു. 4,773 രൂപ.

കഴിഞ്ഞ വർഷത്തെ പ്രളയവും ഇക്കൊല്ലം മഴ വൈകിയതും ഉല്പാദനം കാര്യമായി കുറച്ചതാണ് വിലക്കയറ്റത്തിന്റെ പ്രധാനകാരണം. വിദേശ ഡിമാൻഡ് ഏറെയുള്ള ചെറിയഏലം പ്രധാനമായും വിളയുന്നത് കേരളത്തിലാണ്.

ഇടുക്കിയുടെ കരുത്ത് ചെറിയ ഏലം

അന്താരാഷ്ട്ര വിപണിയിൽ പ്രിയമേറെയുള്ള ചെറിയ ഏലക്കയുടെ ഈറ്റില്ലമാണ് ഇടുക്കി. വയനാട്, നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലും കൃഷിയുണ്ട്.

ചെറിയ ഏലക്കയുടെ ഇന്ത്യയിലെ മൊത്ത ഉല്പാദനത്തിന്റെ 89 ശതമാനവും കേരളത്തിലാണ്. തമിഴ് നാട്ടിലും കർണ്ണാടകയിലുമാണ് ബാക്കി .അരുണാചൽ, സിക്കിം, നാഗാലാ‌ൻഡ് എന്നിവിടങ്ങളിൽ വലിയ ഏലക്കയാണ് വിളയുന്നത്.

ചെറിയ ഏലം ഇടുക്കിയെ തുണയ്ക്കും

ഗ്രേഡ് കൂടിയ ചെറിയ ഏലത്തിന് വില പതിനായിരം എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

ആഗസ്റ്റിലും വിളവെടുപ്പ് നടക്കുന്നതിനാൽ നേട്ടമേറെയാണ്.

ഏലം കയറ്റുമതിയേറെയും ഗൾഫിലേക്ക്

ഏലക്കയുടെ കയറ്റുമതി പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കാണ്. യു .എ .ഇ 32%, കുവെെറ്റ് 13%, സൗദി, അമേരിക്ക 7%, ജപ്പാൻ 1%. എന്നാൽ കുരുമുളകിന്റെ മുഖ്യവിപണിയാകട്ടെ യൂറോപ്യൻ രാജ്യങ്ങളുമാണ്.

അന്താരാഷ്‌ട്ര വിപണയിൽ ഏലത്തിന് ഗ്വാട്ടിമാലയിൽ നിന്നും കുരുമുളകിന് വിയറ്റ്നാമിൽ നിന്നുമാണ്ഇന്ത്യ മത്സരം നേരിടുന്നത്. ഏലം മൊത്തം ഉത്പാദനത്തിന്റെ 13% മാത്രമേ കയറ്റി അയക്കുന്നുള്ളു. ബാക്കിയെല്ലാം ആഭ്യന്തര ഉപഭോഗമാണ് .

കയറ്റുമതിക്കണക്ക്

കേന്ദ്ര സുഗന്ധ വ്യഞ്ജന ബോർഡിന്റേത്


ഏലംകയറ്റുമതി കുരുമുളക്

2018-19 390.52 571.65
2017-18 609.08 820.78

കുറവ് 218.56 249.13

തൂക്കം

2018-19 3320 മെട്രിക് ടൺ 13730

2017-18 5680 മെട്രിക് ടൺ 16840

കുറവ് 2360 മെട്രിക് ടൺ 3110

ഉത്പാദനക്കണക്ക്

ഏലം

2017-18 20650 ടൺ 64000 ടൺ

2018-19 12940 47000