മൂവാറ്റുപുഴ: ജില്ലയിൽ തരിശായിക്കിടക്കുന്ന പാടശേഖരങ്ങളിലെല്ലാം സ്ത്രീ കൂട്ടായ്മയിലൂടെ നെൽകൃഷി നടത്തുകയും ഭക്ഷണത്തിനുള്ള അരി സ്വയം ഉല്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹിളാകിസാൻ സ്വശാക്തീകരൺ പരിയോജനയുടെ (എം.കെ.എസ്.പി) നെൽകൃഷിക്ക് തുടക്കമായി. ആവോലി പഞ്ചായത്തിലെ ഒരേക്കർ വരുന്ന കണ്ണമ്പുഴ പാടശേഖരത്തിലാണ് നെൽകൃഷിയിറക്കിയത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആവോലി പഞ്ചായത്തിലെ കണ്ണമ്പുഴ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി അദ്ധ്യയക്ഷത വഹിച്ചു. ഡോ. സനൽകുമാർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോർഡി.എൻ.വർഗീസ്, എൻ.ജെ. ജോർജ്, ലീല ബാബു, ലത ശിവൻ, വള്ളമറ്റം കുഞ്ഞ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൾക്കീസ് റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം മേരി ബേബി, ജോയിന്റ് ബി.ഡി.ഒ വി.വി. റഹീമ, പി.എ. മുഹമ്മദ് സലീം തുടങ്ങിയവർ സംസാരിച്ചു.
പ്രത്യേക പരിശീലനം ലഭിച്ച ഏഴംഗ സംഘമാണ് ഇവിടെ കൃഷിക്ക് നേതൃത്വം വഹിക്കുന്നത്. വിത്ത്, വളം, നടീൽയന്ത്രം, കൊയ്ത്തുയന്ത്രം തുടങ്ങിയവ പദ്ധതിയിൽ നിന്ന് ലഭ്യമാക്കും.
നാൽപത് തൊഴിൽ ദിനങ്ങൾ തൊഴിലെടുത്ത തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുത്ത 35 പേർക്ക് ഇതിനായി ഗ്രീൻആർമി വടക്കാഞ്ചേരിയിൽ വച്ച് പ്രത്യേക പരിശീലനവും നൽകി. എം.കെ.എസ്.പി. എറണാകുളം ഈസ്റ്റ് ഫെഡറേഷന് കീഴിൽ വരുന്ന 9 ബ്ലോക്ക് പഞ്ചായത്തുകളിലേക്കാണ് ഈ പരിശീലനം ലഭിച്ചവരുടെ പ്രവർത്തനം. ഏഴ് പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പായി ഇവരെ തിരിച്ചിട്ടുണ്ട്. ആവോലിയിലെ ഒരേക്കറിന് പുറമേ ഒക്കൽ പഞ്ചായത്തിൽ ഒരേക്കറും മഴുവന്നൂർ, കൂവപ്പടി പഞ്ചായത്തുകളിൽ ഒന്നരയേക്കർ വീതവും നെൽകൃഷിയിറക്കുന്നുണ്ട്.