sree-sankarawalckway
കാലടി നഗരം

കാലടി: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ സൗന്ദര്യവത്കരണം ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചു. സ്വച്ഛ് ഐക്കോൺ പദ്ധതിയുടെ ഭാഗമായി ബിപിസിഎൽ 8.65 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ശ്രീ ശങ്കര വോക്ക് വേ പദ്ധതിയുടെ നിർമ്മാണ ചുമതല കെല്ലിനായിരുന്നു. നിർമ്മാണം 80ശതമാനം പൂർത്തിയാക്കിയതിനെ തുടർന്ന് കെല്ലിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ ആസൂത്രണ സമിതി നേരിട്ടെത്തി പദ്ധതി പരിശോധിച്ചത്.കാന നിർമ്മാണം, സ്ലാബിടൽ, ടൈൽ വിരിക്കൽ, കൈവരിപിടിപ്പിക്കൽ, ഓപ്പൺഎയർ സ്റ്റേഡിയം നവീകരിക്കൽ, വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റ് നിർമ്മാണം എന്നിവയാണ് പദ്ധതി. പദ്ധതി തുകയുടെ 90ശതമാനവും ബിപിസി എൽ കെല്ലിന് കൈമാറി. എന്നാൽ ഇത്രയും തുകയുടെ വികസന പദ്ധതികൾ നടന്നിട്ടില്ലെന്ന് ആസൂത്രണ സമിതി വിലയിരുത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സരള മോഹനൻ, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ, എക്സിക്യൂട്ടിവ് ഓഫീസർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.പഞ്ചായത്തിൽ നിന്ന് വൈസ് പ്രസിഡന്റ് മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. ആസൂത്രണ സമിതി നീരിക്ഷണത്തിന് എത്തുന്ന വിവരം മറ്റ് അംഗങ്ങൾ അറിഞ്ഞില്ലെന്ന് പരാതിയുണ്ട്. സർക്കാർ ഏജൻസി കെല്ലിന്റെ ഉദ്യോഗസ്ഥർ പഞ്ചായത്തിൽ എത്തിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചില്ല.