കൊച്ചി: ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ദുരിതയാത്ര. രണ്ടുവർഷമായി ഇതാണവസ്ഥ.

₹ ഇരുട്ടിൽ തപ്പി അധികാരികൾ

തിരുവാങ്കുളം മുതൽ വെെറ്റില വരെ എത്താൻ നഷ്ടമാകുന്നത് മണിക്കൂറുകൾ. തിരുവാങ്കുളം, തൃപ്പൂണിത്തുറ, വെെറ്റില ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കും കുഴികളുമാണ് പ്രശ്നം.

തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കോട്ടയം, പിറവം ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വാഹനങ്ങളാണ് കഷ്ടപ്പെടുന്നത്

തിരുവാങ്കുളം കടക്കാൻ പാടുപെടും

തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ജംഗ്ഷൻ, തിരുവാങ്കുളം ജംഗ്ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാമല – ചിത്രപ്പുഴ ബണ്ട് റോഡ് യാഥാർത്ഥ്യമാകുന്ന ലക്ഷണമില്ല.

കോട്ടയം, പിറവം, മൂവാറ്റുപുഴ മേഖലകളിൽ നിന്നുള്ള വാഹനങ്ങൾ കൊച്ചി നഗരത്തിലേക്കും സീപോർട്ട് എയർപോർട്ട് റോഡിലേക്കും എത്തുന്നത് തിരുവാങ്കുളം കവല വഴിയാണ്. പഴയ പഞ്ചായത്തിലെ ചെറിയൊരു കവലയായിരുന്ന തിരുവാങ്കുളം വളരെപ്പെട്ടെന്നാണ് ഗതാഗതത്തിരക്കിൽ അമർന്നത്. ഫലം വലിയ വാഹനങ്ങൾ തിരിഞ്ഞുവരുമ്പോൾതന്നെ മൂന്നു റോ‍ഡിലും ഗതാഗതക്കുരുക്ക്.

#ചമ്പക്കര കുരുങ്ങിക്കുരുങ്ങി

ചമ്പക്കരയിലെ പാലം പണിയും മെട്രോ നിർമ്മാണവും അതിരൂക്ഷമായ കുരുക്കാണ് ഉണ്ടാക്കുന്നത്. തിരക്കുപിടിച്ച സമയങ്ങളിൽ പേട്ടയിൽ നിന്ന് വെെറ്റില വരെ രണ്ട് കിലോമീറ്റർ പിന്നിടണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം.

സീപോർട്ട് എയർപോർട്ട് റോഡും തിരുവാങ്കുളം മാമല റോഡും ചോറ്റാനിക്കര റോഡും ഒരുപോലെ ഗതാഗത കുരുക്കിലാകുന്നു. തിരുവാ‍ങ്കുളം ബൈപാസ് ഇരുമ്പനം പുതിയ റോഡ് ജംഗ്ഷൻ മുതൽ അമ്പലമേട് റിഫൈനറി ഗേറ്റ് വരെ നാലുവരിപ്പാത നിർമ്മാണവും പദ്ധതിയിലുണ്ട്. ബണ്ട് റോ‍ഡ് വരുമ്പോൾ ഉണ്ടാകുന്ന കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായാണിത്. റോഡിന്റെ അലൈൻമെന്റ് നടപടികൾ പൂർത്തീകരിച്ചിട്ടും റോഡ് നിർമാണം എങ്ങുമെത്തുന്നില്ല.

#ബണ്ട് റോഡ് എന്നെങ്കിലും വരുമോ ?

ചിത്രപ്പുഴ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്ത് നിന്നാരംഭിച്ച് ചിത്രാഞ്ജലി ജംഗ്ഷനു സമീപം ഭവൻസിന് പിൻവശത്തുകൂടി മാമല പാലത്തിനു സമീപം എത്തുന്നതാണ് നിർദ്ദിഷ്ട മാമല– ചിത്രപ്പുഴ ബണ്ട് റോഡ്. 2016 ലെ ബഡ്‌ജറ്റിൽ 75 കോടി രൂപ വകയിരുത്തിയിട്ടും പദ്ധതിക്കു ജീവൻ വച്ചില്ല. കരിങ്ങാച്ചിറ, തിരുവാങ്കുളം എന്നിവിടങ്ങളിലെ കുരുക്കിനു പരിഹാരമാകുമായിരുന്നു ബണ്ട് റോ‍ഡ്. ഏഴു വർഷത്തിലേറയായി ഫയലിൽ ഉറങ്ങുകയാണ് ബണ്ട്റോഡ്.

.

#പണികൾക്കു വേണം യുദ്ധകാല വേഗം

പദ്ധതികൾക്ക് യുദ്ധകാല വേഗതയുണ്ടായാലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകൂ. വർഷങ്ങളായുള്ള പ്രശ്നമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും.

എം. സ്വരാജ് എം.എൽ.എ