tk

കൊച്ചി:അക്ഷരങ്ങൾ തന്നെ ആശയ സമുദ്രമാകുന്ന കാഴ്ചകളിലേക്ക് വർണ്ണങ്ങൾ ചാലിക്കുകയാണ് ചിത്രകാരൻ ടി.കെ ഹരീന്ദ്രൻ. സമുദ്രങ്ങളും ജലാശയങ്ങളും അതിന്റെ ആഴങ്ങളിലുള്ള ജീവന്റെ പടർപ്പുകളും സാംസ്‌കാരിക തുടർച്ചകളുമാണ് ഹരീന്ദ്രന്റെ കാൻവാസിൽ നിറയുന്നത്. കണ്ണ് കാണുന്ന കാഴ്‌ചയ്‌ക്കപ്പുറം കടൽ തരുന്ന അനുഭവങ്ങളാണ് അതിൽ നിറയെ. എന്നാൽ കടലാകട്ടെ മനുഷ്യന്റെ മനസും! ആ മനസിൽ അറിവിന്റെ അക്ഷരമാലയും. സമുദ്രസമാനമായ പ്രപഞ്ചത്തിലേക്ക് എല്ലാം തുറക്കുകയും ആ പ്രപഞ്ചത്തിൽ നിന്ന് എല്ലാം സ്വാംശീകരിക്കുകയും ചെയ്യുന്ന 'ആഴിമുഖ'മായി മനസ്. 'അക്ഷരങ്ങളുടെ ആഴിമുഖം' എന്ന് പേരിട്ട ഹരീന്ദ്രന്റെ സോളോ ചിത്രപ്രദർശനം ഇന്ന് എറണാകുളം ഡർബാർ ഹാളിൽ ആരംഭിക്കുകയാണ്.

എട്ട് വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കിയ 156 ചിത്രങ്ങളും 38 മിനിറ്റുള്ള ഡോക്യുവീഡിയോയും ഉൾപ്പെടുന്നതാണ് പ്രദർശനം. ചിത്രങ്ങളിൽ കടലും കരയും പ്രപഞ്ചവുമാണ് വിഷയമെങ്കിൽ ഡോക്യു വീഡിയോയിൽ കേരളത്തിന്റെ തെക്കുമുതൽ വടക്കു വരെയുള്ള തീരദേശമേഖലയിലെ ജീവിതത്തിന്റെ മൊണ്ടാഷ് ആണ്. ഇതിനൊപ്പം മണലും കരിയും ഉപയോഗിച്ച് തത്‌സമയം നിർമ്മിക്കുന്ന ഇൻസ്റ്റലേഷനുമുണ്ട്.

ലോകപ്രശസ്ത ചിത്രകാരനായ പാരീസ് വിശ്വനാഥന്റെ അനന്തരവനാണ് ഹരീന്ദ്രൻ. രക്തത്തിൽ അലിഞ്ഞുചേർന്ന കലയെ തിരിച്ചറിഞ്ഞ് മനുഷ്യന്റെ വികാരവിചാരങ്ങളെ ഉൾക്കൊണ്ട് അവ കാൻവാസിലേക്ക് പകർത്തുകയാണ് ഇദ്ദേഹം. വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ചാണ് ഹരീന്ദ്രന്റെ കലാപ്രവർത്തനം. അടൂർ കടമ്പനാട് സ്വദേശിയായ ഹരീന്ദ്രന് കുട്ടിക്കാലം മുതൽ ചിത്രരചനയോടായിരുന്നു ഇഷ്ടം. തിരുവനന്തപുരം കോളേജ് ഒഫ് ഫൈൻ ആർട്സിലും ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയിലും ചിത്രകലാപഠനം പൂർത്തിയാക്കിയ ഹരീന്ദ്രൻ ചിത്രകലയ്‌ക്ക് ജീവിതം സമർപ്പിക്കുകയായിരുന്നു. സഞ്ചാരിയായ ചിത്രകാരൻ യാത്രകളിലെ കാഴ്ചകളും ചിത്രങ്ങൾക്ക് വിഷയമാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫറും നിരവധി ഹ്രസ്വ ചിത്രങ്ങളുടെയും ഡോക്കുമെന്ററികളുടെയും സംവിധായകനുമാണ് ഹരീന്ദ്രൻ.

മൂന്ന് പതിറ്റാണ്ടിന്റെ കലാസപര്യയുടെ കരുത്ത് ഇദ്ദേഹത്തിന്റെ ഓരോ ചിത്രത്തിലും നിറഞ്ഞുനിൽക്കുന്നതായി പ്രദർശനത്തിന്റെ ക്യൂറേറ്ററായ രാധാ ഗോമതി പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.30 ന് പ്രൊഫ. അജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഫൗസിയ ഫാത്തിമ, രഘുനാഥൻ. കെ എന്നിവർ കാറ്റലോഗ് പ്രകാശനം ചെയ്യും. ജെ.ശൈലജ പലായന സംസ്‌കാരം എന്ന വിഷയത്തെ അധികരിച്ച് നാടകം അവതരിപ്പിക്കും. സമാപന ദിവസമായ എട്ടിന് വൈകിട്ട് 6.30 ന് ജയചന്ദ്രൻ കടമ്പനാട് നാടൻ പാട്ടുകൾ അവതരിപ്പിക്കും.