സ്വന്തം ലേഖിക

കൊച്ചി: താന്തോന്നിത്തുരുത്തിലെ വികസന പ്രവർത്തനങ്ങൾക്ക് പ്ളാൻ ഫണ്ടിലും തനത് ഫണ്ടിലും നിന്ന് ലക്ഷക്കണക്കിന് രൂപ എല്ലാ വർഷവും കോർപ്പറേഷൻ മാറ്റിവയ്ക്കുമെങ്കിലും അനുഭവിക്കാനുള്ള യോഗം ദ്വീപ് നിവാസികൾക്കില്ല. തുരുത്ത് എന്നു കേട്ടാൽ തന്നെ കരാറുകാർ മുഖം തിരിക്കും.

മറൈൻ ഡ്രൈവിന്റെ മറുകരയിലാണെങ്കിലും കടത്തുവള്ളം മാത്രമാണ് ആശ്രയം. വള്ളത്തിൽ നിന്നിറങ്ങിയാൽ തലച്ചുമടായി സാധനങ്ങൾ എത്തിക്കണം. ഈ ബുദ്ധിമുട്ടുകളെല്ലാം അറിയാവുന്നതിനാൽ കരാറുകാർ ഈ വഴിയിലേക്ക് തിരിഞ്ഞുനോക്കില്ല. വിദ്യാർത്ഥികൾ ഉൾപ്പെട വഞ്ചിയിലാണ് യാത്ര. രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. രാത്രിയിൽ നെഞ്ച് വേദനയോ മറ്റ് അസ്വസ്ഥതകളോ തോന്നിയാൽ പെട്ടതുതന്നെ. ആയുസുണ്ടെങ്കിൽ ജീവൻ തിരിച്ചുകിട്ടുമെന്ന് ദ്വീപ് നിവാസികൾ പറയുന്നു.

# പാലം മരീചിക

താന്തോന്നിത്തുരുത്ത്, മുളവുകാട്, വല്ലാർപാടം, വൈപ്പിൻ പ്രദേശങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോശ്രീ ഐലന്റ് അതോറിറ്റിക്ക് ( ജിഡ ) സർക്കാർ രൂപം നൽകിയത്. ഗോശ്രീ പാലം യാഥാർത്ഥ്യമായതോടെ ദ്വീപുകാരുടെ യാത്രാദുരിതത്തിന് പരിഹാരമായി. പാലത്തിന് വേണ്ടി താന്തോന്നിതുരുത്ത് നിവാസികളുടെ കാത്തിരിപ്പ് തുടരുകയാണ്.

ദ്വീപിന്റെ ആകെ വിസ്തീർണ്ണം: 97ഏക്കർ

താമസക്കാർ : 67 കുടുംബങ്ങൾ

ജനസംഖ്യ : 400

മൂന്ന് മീറ്റർ പാലത്തിന്

ആദ്യ കാലത്ത് കണക്കാക്കിയത്: 8 കോടി

നിലവിലെ നിർമ്മാണ ചെലവ്: 50 കോടി

# ജിഡ പാലം വലിക്കുന്നു

തുരുത്തിൽ ഔട്ടർ ബണ്ട് നിർമ്മിക്കാൻ ആറു കോടി രൂപയും വീടുകളുടെ മുറ്റം കെട്ടി ഉയർത്തുന്നതിന് മൂന്നര കോടിയും വകയിരുത്തിയതല്ലാതെ ജിഡ യാതൊരു പ്രവൃത്തിയും ചെയ്തിട്ടില്ല. 340 കോടി രൂപ അക്കൗണ്ടിൽ ഉണ്ടായിട്ടും ഫണ്ടില്ലെന്ന ന്യായം പറഞ്ഞ് ജിഡ പാലത്തിന് പാര വയ്ക്കുകയാണ്.

ഹരിഹരൻ കടവത്ത്, താന്തോന്നിതുരത്ത് വികസന സമിതി പ്രസിഡന്റ്

# പ്രളയത്തിന്റെ മുറിപ്പാടുകളുമായി

പ്രളയം ഏല്പിച്ച ആഘാതത്തിൽ നിന്ന് താന്തോന്നിത്തുരുത്ത് ഇനിയും കരകയറിയിട്ടില്ല. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗം ഇടിഞ്ഞു. നടപ്പാത പൊളിഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ചെളിക്കുഴിയിലായി. പണത്തിന് പഞ്ഞമില്ലെങ്കിലും ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ലെന്ന് കൗൺസിലർ ആൻസ ജെയിംസ് പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധത ബണ്ട് ( സി.എസ്.ആർ ) ഉപയോഗിച്ച് പാലം നിർമ്മിക്കുന്നതിന് വഴി തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. പദ്ധതി രൂപരേഖ തയ്യാറാക്കാൻ തുടങ്ങി. ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും പാലം പണി എന്നു തുടങ്ങുമെന്ന് പറയാൻ കഴിയില്ലെന്ന് അൻസ ജെയിംസ് പറഞ്ഞു.