മൂവാറ്റുപുഴ: കുടിവെള്ളത്തിന് പലേടത്തും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ചെറുവട്ടൂർ - പായിപ്ര റോഡിൽ സമഷ്ടിപടി വളവിൽ കുടിവെള്ളപെെപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസം ഒന്നുപിന്നിടുന്നു. എന്നാൽ വാട്ടർ അതോറിറ്റിയിലെ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല.
സമഷ്ടി വളവിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയതോടെയാണ് പ്രദേശ വാസികൾ അറിയുന്നത്. റോഡരികിലെ തോട്ടിലൂടെയാണ് കുടിവെള്ളപൈപ്പ് ലെെൻ പോയിരിക്കുന്നത്. ഇൗ തോട് നിറഞ്ഞു കവിഞ്ഞതിനുശേഷമാണ് റോഡിലേക്ക് വെള്ളം കയറിയിരിക്കുന്നത്. പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളത്തോടൊപ്പം ചെളിയും മണ്ണും കലർന്ന മലിനജലമാണ് റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്നത്.
വഴിയാത്രയും അസാദ്ധ്യമായി. പായിപ്ര കാവുംപടി, സ്ക്കൂൾപടി, മെെക്രോജംഗ്ഷൻ, മാനാറി തുടങ്ങിയ ഉയർന്ന പ്രദേശത്തുള്ളവർക്ക് കുടിവെള്ളം കിട്ടാതായി.
റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കാൽനടക്കാർക്ക് ഇതിലൂടെ സഞ്ചരിക്കാൻ പറ്റാതായി. ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ അതിവേഗതയിൽ പോകുമ്പോൾ മലിനജലം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ച് വസ്ത്രം വൃത്തികേടാകുന്നതും പതിവ് കാഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും പതിവായി. ആഴ്ചകളായി കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ ഇൗച്ചയും കൊതുകും പെറ്റുപെരുകുകയാണ്. പരിസരം ദുർഗന്ധപൂരിതമായിക്കഴിഞ്ഞു.
# റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നു
# കാൽനടയാത്ര ദുരിപൂർണം
# പൊട്ടിയപെെപ്പിലൂടെ മലിനജലം കലരുന്നു
# കുടിവെള്ളവും മലിനമായി.
# ഉയർന്ന പ്രദേശത്ത് കുടിവെള്ളമെത്തുന്നില്ല
അടിയന്തരമായി പരിഹരിക്കണം
സമഷ്ടി വളവിൽ തുടരെത്തുടരെ കുടിവെള്ള പെെപ്പ് പൊട്ടുന്നത് എന്തുകൊണ്ടാമെന്ന് വാട്ടർ അതോററ്റി ഉദ്യോഗസ്ഥർ പരിശോധിക്കണം. യഥാർത്ഥ കാരണം കണ്ടെത്തി പ്രശ്നം പരിഹരിക്കുന്നതിനുളള നടപടി അടിയന്തരമായി സ്വീകരിക്കണം.
പി.എസ്. ഗോപകുമാർ,
വാർഡ് മെമ്പർ.