തൃക്കാക്കര : പിണറായിയുടെ ഭരണത്തിൽ പൊലീസിനെ ക്രിമിനൽവത്ക്കരിക്കുന്നതായി പി.ടി തോമസ് എൽ.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര അസി.കമ്മിഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പൊലീസിലെ മികച്ച ഓഫീസർമാരെ മാറ്റിനിർത്തി,പൊലീസിലെ ക്രിമിനലുകളെ ഉപയോഗിച്ച് പ്രതിയോഗികളെ അടിച്ചമർത്താൻ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. പൊലീസ് ഉരുട്ടിക്കൊലയും മർദ്ദനങ്ങളും പൊതുജനങ്ങൾക്കും കുടി സ്വീകാര്യമായ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് വേണ്ടത്.പൊലീസ് അതിക്രമങ്ങളുടെ അവസാനത്തെ ഇരയാണ് മുവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളത്തിലെ പൊലീസിനെ ദുരുപയോഗം ചെയ്യുന്ന നടപടി പിണറായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് ഉളളംപിളളി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ്.പ്രസിഡന്റെ മുഹമ്മദ് ഷിയാസ്,കോൺഗ്രസ് നേതാക്കളായ ഷാജി വാഴക്കാല,എം .ഓ വർഗ്ഗീസ്,സേവ്യർ തായങ്കേരി,ഷാന അബ്ദു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ പി.എസ് സുജിത്ത്.മനാഫ്,വിനയകൃഷ്ണൻ,സി .സി വിജു,ഉണ്ണി കാക്കനാട് .മുൻസിപ്പൽ കൗൺസിലർമാരായ ടി.ടി ബാബു,റഫീഖ് പൂത്തേലി,സീന റഹ്മാൻ,റോണി മേരി സന്തോഷ്,എം.ടി ഓമന തുടങ്ങിയവർ നേതൃത്വം നൽകി.
പ്രകടനം അക്രമാസക്തമായി.
ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു
കാക്കനാട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുവച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.പ്രകടനത്തിനിടെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.എന്നാൽ പി .ടി തോമസ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്‌ത് മടങ്ങിയതോടെ പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു.ബാരിക്കേഡ് തകർത്ത് മുന്നേറിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് ഉളളംപിളളി അടക്കം ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പെരിക്കേറ്റു.ഇവർ കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.അൻപതോളം പ്രവർത്തകർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.