കൊച്ചി : ആർക്കിടെക്ചർ ബിരുദ കോഴ്സിന് ദേശീയതലത്തിൽ നടത്തിയ രണ്ടാം പ്രവേശന പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചവരെ സംസ്ഥാനത്തെ അലോട്ട്‌മെന്റിൽ അവഗണിച്ചെന്ന് പരാതി. ശേഷിക്കുന്ന അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ലെന്ന് ഉറപ്പായതോടെ അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ കോളേജുകളിൽ ചേരേണ്ട അവസ്ഥയിലാണ് ഉയർന്ന മാർക്ക് നേടിയവർ.
നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിലാണ് രാജ്യത്തെ ആർക്കിടെക്ചർ കോളേജുകളിൽ (ബി. ആർക്ക് ) പ്രവേശനം. ഇക്കുറി ഏപ്രിൽ, ജൂലായ് മാസങ്ങളിൽ രണ്ടു പരീക്ഷകൾ നടത്തി. ഏതിലാണോ ഉയർന്ന മാർക്ക് അതാണ് റാങ്കിന് പരിഗണിക്കുക. രണ്ടാമത്തെ പരീക്ഷയുടെ ഫലം വരും മുമ്പേ കേരളത്തിൽ പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ മാർക്കും മറ്റും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാൻ ജൂലായ് 19 ആയിരുന്നു അവസാന തീയതി. രണ്ടാം പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർ ഇതോടെ ആപ്പിലായി.
ആദ്യപരീക്ഷയിൽ മാർക്ക് കുറവായ കൊച്ചി സ്വദേശിനി റിയ സജീവ് രണ്ടാം പരീക്ഷയിൽ 200 ൽ 142 മാർക്ക് മാർക്ക് നേടിയെങ്കിലും അപ്പോഴേയ്ക്കും രണ്ട് അലോട്ട്‌മെന്റുകളും കഴിഞ്ഞിരുന്നു. മൂന്നാമത്തെ അലോട്ട്‌മെന്റിൽ രണ്ടാം പരീക്ഷയിലെ മാർക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും കഴിയില്ലെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ മറുപടി.
കേരളത്തിലെ നാല് സർക്കാർ കോളേജുകളിൽ പ്രവേശനത്തിന് അർഹതയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിൽ പഠിക്കേണ്ട അവസ്ഥയാണ് റിയയ്ക്ക്. മറ്റു സംസ്ഥാനങ്ങളിൽ രണ്ടാം പരീക്ഷയുടെയും മാർക്ക് പരിഗണിച്ചാണ് പ്രവേശനം നൽകിയതെന്ന് രക്ഷിതാക്കളും പറഞ്ഞു.
പ്രോസ്പെക്ടസിൽ നിർദ്ദേശിച്ച പ്രകാരം മാർക്ക് അപ്‌ലോഡ് ചെയ്യേണ്ട നിശ്ചിതസമയം കഴിഞ്ഞതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നാണ് പ്രവേശന കമ്മിഷണറുടെ വിശദീകരണം.