കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഏഴിലേക്ക് മാറ്റി. ഗൗരവമുള്ള വിഷയമാണിതെന്നു പറഞ്ഞ സിംഗിൾ ബെഞ്ച് കേസിൽ ആയുധങ്ങൾ കണ്ടെടുത്തതുകൊണ്ടു മാത്രം കാര്യമില്ലെന്നും പ്രതികളെ ഇവയുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ വേണമെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ വസ്തുതകൾ വ്യക്തമാക്കാനും നിർദ്ദേശിച്ചു.
പ്രോസിക്യൂഷൻ കേസ് ഡയറി ഇന്നലെ ഹാജരാക്കിയിരുന്നെങ്കിലും ആഗസ്റ്റ് ഏഴിന് നൽകാൻ നിർദ്ദേശിച്ച് മടക്കി നൽകി.
ഒമ്പതു മുതൽ 11 വരെയുള്ള പ്രതികളാണ് ജാമ്യാപേക്ഷ നൽകിയത്. 2019 ഫെബ്രുവരി 17 നാണ് ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ടത്. സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പീതാംബരനെ ആക്രമിച്ചതിനു പകരം വീട്ടാൻ ഇവരെ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്.