കിഴക്കമ്പലം:ഏതുനിമിഷവും നിലംപതിക്കാവുന്ന തരത്തിൽ റോഡരികിൽ നിൽക്കുന്ന വൃക്ഷങ്ങൾ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നു. കിഴക്കമ്പലം പട്ടിമറ്റം റോഡിൽ മോളേക്കുരിശ്, മില്ലുംപടി എന്നിവിടങ്ങളിലാണ് വേരുകൾ ദ്രവിച്ച് നിലംപതിക്കാറായ അവസ്ഥയിൽ വൃക്ഷങ്ങൾ . സമീപത്തെ വിദ്യാലയങ്ങളിലെ സ്‌കൂൾ ബസുകളും സ്വകാര്യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. മോളേക്കുരിശ് ബസ് സ്റ്റോപ്പിനു സമീപം നിൽക്കുന്ന കാഞ്ഞിരമരം വെട്ടിമാറ്റണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാൽ അധികൃതർ അറിഞ്ഞമട്ടില്ല. മരത്തിനടിയിലൂടെ പോകുന്ന വൈദ്യുതി ലൈനുകളും അപായ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.