khra
കേരളാ ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാതല ശുചിത്വ മാസാചരണ പരിപാടി കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രതിഭാ അൻസാരി ഉദ്ഘാടനം ചെയ്യുന്നു. ടി.ജെ. മനോഹരൻ, അസിസ് മൂസാ, മൊയ്ദീൻ കുട്ടി ഹാട്ടി, സി.ജെ. ചാർളി, വി.എ. അലി എന്നിവർ സമീപം

കൊച്ചി : ഹോട്ടലുകളിലെ ശുചിത്വവും സുരക്ഷിതഭക്ഷണവും ഉറപ്പുവരുത്താൻ പത്തിന നടപടിയുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജില്ലാ കമ്മിറ്റി രംഗത്ത്. ഇവ നടപ്പാക്കാൻ ശുചിത്വമാസാചരണം കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രതിഭാ അൻസാരി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. ചാർളി, ജില്ലാ സെക്രട്ടറി ടി.ജെ. മനോഹരൻ, ജില്ലാ ട്രഷറർ വി.എ. അലി, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എ. സാദിക് തുടങ്ങിയവർ പങ്കെടുത്തു.

മാർഗനിർദ്ദേശങ്ങൾ
# അടുക്കളയും പരിസരവും വൃത്തിയും ശുചിത്വമുള്ളതുമായി സൂക്ഷിക്കുക.
# പാചകം ചെയ്ത ഭക്ഷണസാധനങ്ങളും പാചകം ചെയ്യാൻ വച്ചിരിക്കുന്ന സാധനങ്ങളും ചെറുജീവികൾ കയറാതെയും ബാഹ്യവസ്തുക്കൾ വീഴാതെയും മൂടിവെക്കുക.
# ഉപഭോക്താക്കൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. ചൂട് കുറയ്ക്കുന്നതിന് തിളപ്പിക്കാത്ത വെള്ളം ചേർക്കരുത്.
# കിണർവെള്ളം ഉപയോഗിക്കുന്നവർ ശരിയായി ക്ലോറിനേറ്റു ചെയ്ത് അണുവിമുക്തമാക്കുക.
# ആവശ്യത്തിന് ഫിനോളും മറ്റ് അണുനാശിനികളും ഉപയോഗിച്ച് ഹോട്ടലും പരിസരവും വൃത്തിയാക്കുക.
# ഹോട്ടൽ പരിസരത്ത് വെള്ളംകെട്ടികിടന്ന് കൂത്താടികളും കൊതുകുകളും ഉണ്ടാവാതെ സൂക്ഷിക്കുക.
# മാലിന്യങ്ങൾ അലസമായി ഇടാതെ ബാഗുകളിലോ പാത്രങ്ങളിലോ നിക്ഷേപിച്ച് നിർമ്മാർജനം ചെയ്യുക.
# ഹോട്ടൽ ജീവനക്കാരുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുക. ഹെൽത്ത് സർട്ടിഫിക്കറ്റ് സൂക്ഷിക്കുക
# ഫ്രീസറിനകവും പുറവും വൃത്തിയായി സൂക്ഷിക്കുക. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ തരംതിരിച്ച് ഫുഡ്‌ഗ്രേഡ് കണ്ടയ്‌നറുകളിൽ സൂക്ഷിക്കുക. കണ്ടയ്‌നറുകളിൽ തീയതി രേഖപ്പെടുത്തണം. പ്ലാസ്റ്റിക് ക്യാരീ ബാഗുകളിൽ ഭക്ഷണപദാർത്ഥങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്.

# പഴകിയ ആഹാരസാധനങ്ങൾ ഉടനടി നശിപ്പിക്കുക.

പരിശോധിക്കാൻ സംഘം

ശുചിത്വ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഫുഡ്‌ സേഫ്ടി മാനദണ്ഡപ്രകാരം മുൻകരുതൽ സ്വീകരിച്ചത് നടപ്പായോയെന്ന് ഉറപ്പാക്കാനും അസോസിയേഷൻ രൂപീകരിച്ച ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡ് ജില്ലയിലെ ഹോട്ടലുകൾ പരിശോധിക്കും.


ടി.ജെ. മനോഹരൻ

ജില്ലാ സെക്രട്ടറി

കെ.എച്ച്.ആർ.എ