ആലുവ: ലോക സമാധാനം ലക്ഷ്യമാക്കി വൈ.എം.സി.എ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സമാധാന വാരാചരണത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ചെയർപേഴ്സൺ കുമാരി കുര്യാസ്, ട്രഷറർ രാജൻ ജോർജ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
യുവജനങ്ങൾ ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി എന്നതാണ് മുഖ്യ ചിന്താവിഷയം. നാലിന് വൈകിട്ട് അഞ്ചിന് കോട്ടയം മണർകാട് വൈ.എം.സി.എ ഹാളിൽ ജസ്റ്റിസ് കെ.ടി. തോമസ് വാരാചരണം ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു യുവജന സന്ദേശം നൽകും.
അഞ്ചിന് തുമ്പമണ്ണിൽ സമാധാന യുവജന അസംബ്ലിയും ആറിന് മാവേലിക്കര റീജണൽ സെന്ററിൽ സമാധാന യുവജന സംഗമവും ഏഴിന് തൃശൂർ കാണിപ്പയ്യൂരിൽ എക്യുമെനിക്കൽ ഫെസ്റ്റും എട്ടിന് കാസർകോഡ് കാഞ്ഞിരടുക്കത്ത് സമാധാന യുവജന അസംബ്ലിയും ഒമ്പതിന് തിരുവല്ല കൊമ്പാടി ജൂബിലി ഇൻസ്റ്റിറ്റൂട്ടിൽ സമാധാന പ്രാർത്ഥനാദിനാചരണവും 10ന് തിരൂരിൽ പീസ് കോൺഫറൻസും നടക്കും.
11ന് കൊല്ലം കുരീപ്പള്ളി വൈ.എം.സി.എ. ഹാളിൽ സമാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി സമാധാന സന്ദേശം നൽകും. വൈ.എം.സി.എ. പ്രസ്ഥാനം 175 വർഷം പൂർത്തീകരിച്ച് ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ വനിതാ-യുവജന- വിദ്യാർത്ഥി മേഖലയിൽ സമാധാന സന്ദേശ പ്രചാരണങ്ങൾക്ക് വാരാചരണത്തോടനുബന്ധിച്ച് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.