കൊച്ചി: സമൂഹത്തിൽ പ്രശ്‌നങ്ങൾ നേരിടുന്ന പെൺകുട്ടികളുടെ സംരക്ഷണത്തിന് പ്രവർത്തിക്കുന്ന കൊച്ചിയിലെ മൗണ്ട് കാർമൽ ഗേൾസ് ഹോമിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ അദീബ് അഹമ്മദ്, ടേബിൾസ് ഫൂഡ് കമ്പനി സി.ഇ.ഒ ഷഫീന യുസഫലി, മൗണ്ട് കാർമൽ കോൺവെന്റ് മദർ സുപ്പീരിയർ സി. മരിയ തെരേസ എന്നിവർ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.
അദീബ് ആന്റ് ഷഫീന ഫൗണ്ടേഷനും ഗാർഡിയൻസ് ഒഫ് ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും സഹകരിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. പത്തിനും 18 നുമിടയിൽ പ്രായമുള്ള 80 പെൺകുട്ടികൾക്ക് അഭയം നല്കാൻ കഴിയും.
ആധുനിക സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും കെട്ടിടത്തിൽ സ്ഥാപിച്ചു. 1922 ൽ സ്ഥാപിതമായ മൗണ്ട് കാർമൽ ഗേൾസ് ഹോം പെൺകുട്ടികൾക്കു വേണ്ടി കന്യാസ്ത്രീകൾ നടത്തിവരുന്ന അഭയ കേന്ദ്രമാണ്.