മൂവാറ്റുപുഴ: വെെദ്യുതി മുടക്കം ഒഴിവാക്കുവാൻ പുതിയ പദ്ധതിയുമായി കെ എസ് ഇ ബി. മൂവാറ്റുപുഴ നമ്പർ 2 സെക്ഷനിലെ ഏഴിടങ്ങളിലാണ് എച്ച് ആർ സി ഫ്യൂസ്( ഹെെ റെച്ചറിംഗ് കപ്പാസിറ്റി) സംവിധാനമൊരുക്കിയിരിക്കുന്നത് . വെള്ളൂർക്കുന്നം ജംഗ്ഷൻ , ഇ ഇ സി മാർക്കറ്റ്, ഫെറി, മാർക്കറ്റ് , വൺവേ, കീച്ചേരിപടി, എവറസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ സംവിധാനം. അടിക്കടിയുണ്ടാകുന്ന ഫ്യൂസ് അടിച്ചുപോകൽ ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ കിറ്റ് ക്യാറ്റ് ഫ്യൂസ് സംവിധാനമാണുള്ളത്. ഇതൊഴിവാക്കി ഡിസ്ട്രിബ്യൂഷൻ ബോക്സിലാണ് എച്ച് ആർ സി ഫ്യൂസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കിറ്റ് ക്യാറ്റ് സംവിധാനത്തിൽ പക്ഷികൾ വന്നിരിക്കുകയോ , കൊമ്പൊടിഞ്ഞ് വീഴുകയോചെയ്താൽ ഫ്യൂസ് അടിച്ചുപോയി വെെദ്യുതി മുടങ്ങുമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ ടെെം സെറ്റിംഗ് ഉളളതുമൂലം ഇതൊഴിവാക്കാനാകും. നഗരത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള സെക്ഷനാണ് നമ്പർ 2. നിരവധി ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്ത് തുടരെതുടരെയുള്ള വെെദ്യുതി മുടക്കം വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. നമ്പർ 2 സെക്ഷനിലേക്ക് മെെലൂർ സബ് സ്റ്റേഷനിൽ നിന്നുളള വെെദ്യുതി വിതരണം ഉടൻ ആരംഭിക്കും. ഇതോടെ ഇൗ മേഖലയിൽ വെെദ്യുതി മുടക്കം ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.