yusaf
പി.കെ. യൂസഫ് ആശുപത്രിയിൽ

ആലുവ: റോഡ് നിർമ്മാണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് 17 -ാം വാർഡ് മെമ്പർ പി.കെ. യൂസഫിനെ ആലുവ കാരോത്തുകുഴി ആശുപത്രിയിലും 16 -ാം വാർഡ് മെമ്പർ കെ.എ. ഹാരീസിനെ ആലുവ നജാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

17 -ാം വാർഡിലെ മനയ്ക്കത്താഴം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അദ്ധ്യക്ഷനായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അജണ്ട പരിഗണിച്ചപ്പോൾ ഇപ്പോൾ റോഡ് നിർമ്മാണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പി.കെ. യൂസഫ്. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റിയും ഡി.പി.സിയും അംഗീകരിച്ചതിനാൽ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷത്തെ ഹാരീസ് ഉൾപ്പെടെയുള്ളവർ. നേരത്തെ സി.പി.എമ്മിലെ എ.പി. ഉദയകുമാർ പ്രസിഡന്റായിരിക്കെ 15 ലക്ഷത്തോളം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. അന്ന് ഭരണപക്ഷത്തായിരുന്ന യൂസഫ് പിന്നീട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കോൺഗ്രസിലെ ബാബു പുത്തനങ്ങാടി നറുക്കെടുപ്പിലൂടെ പ്രസിഡന്റായതാണ്. തുടർന്ന് മനയ്ക്കത്താഴം റോഡ് സംബന്ധിച്ച വിഷയത്തിൽ യൂസഫിന്റെ നിലപാടിലും മാറ്റമുണ്ടായി.

ഹാരീസിനെ നോക്കി യൂസഫ് ചിരിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനമെന്നാണ് ഭരണപക്ഷം പറയുന്നത്. കഴുത്തിൽ മർദ്ദനമേൽക്കുകയും യൂസഫിന്റെ കണ്ണട തകർക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും എൻ.സി.പി അംഗം മനോജ് പട്ടാടും ചേർന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. അതേസമയം പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും യൂസഫ് മർദ്ദനത്തിന് മുതിരുകയായിരുന്നുവെന്നും ഹാരീസ് ആരോപിച്ചു.

സംഭവത്തിന് ശേഷം യൂസഫ് ആശുപത്രിയിൽ ചികിത്സ തേടി. ഹാരീസ് തുടർന്നും യോഗത്തിൽ പങ്കെടുക്കാൻ ശ്രമിച്ചെങ്കിലും പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം പുറത്താക്കി.